അൽഫോൺസ് പുത്രന്റെ മറ്റൊരു മാജിക് പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകർക്ക് പക്ഷേ നിരാശയാണ് ചിത്രം സമ്മാനിച്ചതെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ണ്ട് ദിവസം മുമ്പാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ​'ഗോൾഡ്' തിയറ്ററുകളിൽ എത്തിയത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമെത്തിയ ഗോള്‍ഡിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു സിനിമാസ്വാദകർ കാത്തിരുന്നത്. എന്നാൽ പ്രതീക്ഷിച്ച നിലവാരം ചിത്രത്തിന് ലഭിച്ചില്ലെന്നാണ് പ്രേക്ഷക അഭിപ്രായം. പിന്നാലെ ​ഗോൾഡിനെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് അൽഫോൺസ് ഒരു പോസ്റ്റും ഇട്ടിരുന്നു. പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍ക്ക് സംവിധായകന്‍ മറുപടിയും നല്‍കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തിയ നയൻതാരയെ എന്ത് പറഞ്ഞ് ആണ് കൺവിൻസ് ചെയ്തത് എന്ന കമന്റിന് അൽഫോൺസ് നൽകിയ മറുപടിയാണ് ഇക്കൂട്ടത്തില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

"കാശ് കൊടുത്തു വാങ്ങിയ ചായ വായിൽ വയ്ക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം ? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്പെഷ്യൽ ചായ കാലങ്ങൾക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാൻ പോകുമ്പോൾ !! പോട്ടെ ഒരു മറുപടി തരാമോ ? നയൻ താരയെ എന്ത് പറഞ്ഞ് ആണ് കൺവീൻസ് ചെയ്തത് ??", എന്നായിരുന്നു ഒരാളുടെ കമന്റ്. 

"ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ. നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം" എന്ന് മറുപടി നൽകിയ അൽഫോൺസ് നയൻതാരയുടെ സുമം​ഗലി എന്ന കഥാപാത്രത്തെ കുറിച്ചും പറയുന്നു. "നയൻതാര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം----- ജോഷിയുടെ ഷോപ് ഇരിക്കുന്ന സുമംഗലി ഷോപ്പിങ് കോംപ്ലെക്സിന്റെ ഓണർ ആരാണ്? ജോഷിയുടെ വീട്ടിൽ ആർക്കു വേണ്ടി ആര് കൊടുത്ത സ്വർണ്ണം ആണ് ബ്രോ ? അതാണ് പ്രാധാന്യം", എന്നായിരുന്നു അൽഫോൺസിന്റെ മറുപടി. 

പലതവണ റിലീസ് മാറ്റിയ ചിത്രമാണ് ​ഗോൾഡ്. കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബർ ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തി. അൽഫോൺസ് പുത്രന്റെ മറ്റൊരു മാജിക് പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകർക്ക് പക്ഷേ നിരാശയാണ് ചിത്രം സമ്മാനിച്ചതെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

'കുശുമ്പും, പുച്ഛവും, തേപ്പും', 'ഗോള്‍ഡി'ന്റെ നെഗറ്റീവ് റിവ്യുവില്‍ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ

ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.