ദില്ലി: ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ  പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുമതി നൽകിയ അരവിന്ദ് കെജ്‍രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അനുരാ​ഗ് കശ്യപ്. ട്വീറ്റിലൂടെയാണ് അനുരാ​ഗ് കശ്യപിന്റെ വിമർശനം. നട്ടെല്ലില്ലാത്തവന്‍ എന്നു പറഞ്ഞാല്‍ അത് താങ്കൾക്ക് പ്രശംസയാവുകയേ ഉള്ളൂ എന്നായിരുന്നു അനുരാഗ് കശ്യപ്  ട്വീറ്റ് ചെയ്തത്. 

‘'മിസ്റ്റര്‍ അരവിന്ദ് കെജ്‌രിവാള്‍ ജി, നിങ്ങളോട് എന്ത് പറയാനാണ്? നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ നിങ്ങളെ സംബന്ധിച്ച് അതൊരു പ്രശംസയ്ക്ക് തുല്യമാണ്. നിങ്ങളും ആംആദ്മി പാർട്ടിയും അസ്തിത്വമില്ലാത്തവരാണ്. എത്ര രൂപയ്ക്കാണ് നിങ്ങൾ സ്വയം വിൽക്കാൻ വച്ചിരിക്കുന്നത്?'' അനുരാ​ഗ് ട്വീറ്റിൽ ചോദിക്കുന്നു.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് കനയ്യകുമാറിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ തടസ്സമില്ലെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ അറിയിച്ചതാണ് വൻവിവാദങ്ങൾക്ക് കാരണമായിത്തീർന്നിരിക്കുന്നത്. വ്യാപക പ്രതിഷേധവും വിമര്‍ശനമുയര്‍ന്നതിന് ശേഷവും വിചാരണ ചെയ്യാന്‍ നൽകിയ അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. 'ദില്ലി സര്‍ക്കാരിന് നന്ദി' എന്നാണ് കനയ്യ കുമാർ റിട്വീറ്റ് ചെയ്തത്. രാഷ്ട്രീയനേട്ടങ്ങൾക്കായി ഈ നിയമത്തെ എങ്ങനെയാണ് ദുരുപയോ​ഗം നടത്തിയതെന്ന് കേസുകളിൽ നിന്ന് വ്യക്തമാകുന്നതായും കനയ്യകുമാർ പറഞ്ഞു. അതിവേ​ഗ കോടതി വഴി എത്രയും വേ​ഗത്തിൽ കേസിൽ നടപടികൾ പൂർത്തിയാക്കി നീതി ഉറപ്പാക്കണമെന്നും കനയ്യ കുമാർ ആവശ്യപ്പെട്ടു.