രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്.

തിരുവനന്തപുരം: ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാകാതെ സംവിധായകന്‍ പി ബാലചന്ദ്രകുമാർ. തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലൂടെയാണ് ഇദ്ദേഹം ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാറിന് നീതിയുടെ പക്ഷത്ത് ഇനിയും നിലയുറപ്പിക്കാന്‍ ആരോഗ്യം അനുവദിക്കാത്ത അവസ്ഥയാണ്. 

കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ് ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്‍റെ രണ്ട് വൃക്കകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഒപ്പം തലച്ചോറില്‍ അണുബാധയും ഉണ്ട്. കൂടാതെ തുടര്‍ച്ചയായുള്ള ഹൃദയാഘാതവും സംവിധായകനെ പിന്തുടരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ക്ക് ആണ് അദ്ദേഹം വിധേയനാകുന്നത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് നിലവില്‍ ബാലചന്ദ്രകുമാര്‍. 

സിനിമയിലെ കയറ്ററിറക്കങ്ങളില്‍ ഏറിയും കുറഞ്ഞുമിരുന്ന ബാലചന്ദ്ര കുമാറിന്‍രെ വരുമാനം ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ചികിത്സയ്ക്കും സ്ഥിരമെടുക്കുന്ന മരുന്നിനും വലിയ ചെലവാണ് വരുന്നതെന്ന് ബാലചന്ദ്രകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ മുന്നോട്ട് പോകാന്‍ ആകാത്ത അവസ്ഥയിലാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 

'നീ കേസ് കൊട്', പൊട്ടിത്തെറിച്ച് ജാസ്മിൻ; പെട്ടിയുമെടുത്ത് പോയ്ക്കോളാൻ ജിന്റോ, ഇടപെട്ട് ബി​ഗ് ബോസ്

രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്. നീതിയുടെ പക്ഷത്ത് ഇനിയും നില്‍ക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹവും. എല്ലാ ദിവസവും രാവിലെ നാല് മണിക്ക് വന്ന് ഡയാലിസിസ് ചെയ്യും. ഒന്‍പത് മണിക്ക് പുറത്തിറങ്ങും. പത്ത് മണിക്ക് കോടിയില്‍ കയറി രാത്രി എട്ടരവരെ നീളുന്ന വിചാരണയ്ക്ക് ഞാന്‍ ഹാജരായിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. വൃക്കമാറ്റിവയ്ക്കല്‍ ആണ് ആകെ ഉള്ള വഴി. വൃക്ക നല്‍കാന്‍ ബന്ധു തയ്യാറുമാണ്. പക്ഷേ അതിന്‍റെ ചെലവ് താങ്ങാനുള്ള അവസ്ഥയില്‍ അല്ല ബാലചന്ദ്രകുമാര്‍ ഇപ്പോള്‍.