ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
ചില മനുഷ്യർ പളുങ്ക് പോലെ നേർത്തതും മൃദുലവുമാണ്. അത്തരമൊരു വിശാലവും സ്നേഹസമ്പന്നവുമായ ഹൃദയത്തിന്റെ ഉടമയാണ് 'മോനിച്ചൻ'. മമ്മൂട്ടി മോനിച്ചനായെത്തിയ 'പളുങ്ക്' റിലീസ് ചെയ്തിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു. 2006 ഡിസംബർ 22ന് പുറത്തിറങ്ങിയ ഈ ചിത്രം ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബ്ലെസിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ താമസിക്കുന്ന മോനിച്ചന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന 'പളുങ്ക്' സമകാലിക പ്രസക്തമായ വിഷയമാണ് സംവദിക്കുന്നത്.
"പളുങ്ക് പുറത്തിറങ്ങി 17 വർഷം തികയുമ്പോൾ, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങൾ വീണ്ടും സന്ദർശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിർഭാഗ്യകരമായ സംഭവങ്ങളുമായി സമൂഹം ഇപ്പോഴും പിടിമുറുക്കുന്നതിനാൽ സിനിമയുടെ പ്രമേയം പ്രസക്തമായി തുടരുന്നു", എന്നാണ് പളുങ്കിന്റെ വാർഷികത്തിൽ ബ്ലെസി ട്വിറ്റ് ചെയതത്.
മമ്മൂട്ടി നായകവേഷം അണിഞ്ഞ 'പളുങ്ക്'ലെ സൂസമ്മയെ അവതരിപ്പിച്ചത് ലക്ഷ്മി ശർമ്മയാണ്. ഗീതുവിനെയും നീതുവിനെയും നസ്റിയ നസ്റീമും നിവേദിതയും നൈർമല്യത്തോടെ കൈകാര്യം ചെയ്തു. സോമൻ പിള്ളയായെത്തിയ ജഗതി ശ്രീകുമാറും ടീച്ചറായെത്തിയ നെടുമുടി വേണുവും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണവും രാജാ മുഹമ്മദ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് മോഹൻ സിത്താരയാണ് സംഗീതം പകർന്നത്. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും വിവിധ ലൊക്കേഷനുകളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിലും ദേശീയ അവാർഡ് നോമിനേഷനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്.
വീണ്ടുമൊരു ഡിസംബർ, മോഹൻലാൽ- ജീത്തു കോമ്പോ; 'ഒരിക്കൽ കൂടി നന്ദി സാർ..'
