കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് പ്രതിഫലം കുറച്ച് സംവിധായകന്‍. പ്രമുഖ തമിഴ് സംവിധായകന്‍ ഹരിയാണ് പുതിയ ചിത്രത്തിനുവേണ്ടി താന്‍ സ്ഥിരം വാങ്ങുന്നതില്‍ നിന്ന് 25 ശതമാനം കുറഞ്ഞ തുകയേ കൈപ്പറ്റൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യ നായകനാവുന്ന 'അറുവാ' ആണ് ഹരിയുടെ പുതിയ ചിത്രം.

"കൊവിഡ് മഹാമാരിയും അതെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണും സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളുടെ സുസ്ഥിതിയില്‍ മാത്രമേ സിനിമാ മേഖലയും നന്നാവൂ എന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ആയതിനാല്‍ അടുത്ത സിനിമ അറുവായില്‍ എന്‍റെ പ്രതിഫലം 25 ശതമാനം കുറച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു", ഹരി പ്രസ്താവനയില്‍ അറിയിച്ചു.

സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് സൂര്യയുടെ നായികയായി എത്തുന്നത്. ഡി ഇമ്മന്‍ ആണ് സംഗീതം. ഹരിയുടെ തീരുമാനത്തെ അഭിനന്ദിച്ച് തമിഴ് സിനിമാലോകത്തെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയും നടന്‍ ഹരീഷ് കല്യാണും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കുകയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.