ചെന്നൈ: പൊലീസുകാരെ മഹത്വവത്കരിക്കുന്ന ചിത്രങ്ങൾ എടുത്തതിൽ കുറ്റബോധം തോന്നുന്നുവെന്ന് തമിഴ് സിനിമാ സംവിധായകൻ ഹരി. തൂത്തുക്കുടി സ്വദേശികളായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. സിങ്കം സീരീസ്, സാമി, സാമി 2, എന്നീ സിനിമകൾ സംവിധാനം ചെയ്തയാളാണ് ഹരി.

പൊലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ച് പടങ്ങൾ ചെയ്തതിൽ വളരെയധികം വേദനിക്കുന്നുെവെന്നും ഹരി പറയുന്നു. 

“സാത്താങ്കുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടിൽ ആർക്കും ഇനി സംഭവിക്കരുത്. ഇതിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഏക മാർഗം“ പ്രസ്താവനയിൽ ഹരി വ്യക്തമാക്കുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് രാത്രി ഒന്‍പതുമണി കഴിഞ്ഞിട്ടും സ്വന്തം വ്യാപാരസ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജയരാജനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവരമറിഞ്ഞ് മകന്‍ ഫെനിക്സ് സ്റ്റേഷനിലെത്തി. കൊവിഡ് പരിശോധനയ്ക്കായി കോവില്‍പട്ടി സബ്ജയിലിലേക്ക് കൊണ്ടുപോയ ജയരാജനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന ഫെനിക്സിനും മര്‍ദ്ദനമേറ്റു. തിങ്കളാഴ്ചയായിരുന്നു ബെനിക്സിന്‍റെ മരണം. ചൊവ്വാഴ്ച ജയരാജനും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷയത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് തമിഴ്നാട്ടിൽ അരങ്ങേറുന്നത്. 

Read Also :'അന്‍പുച്ചെല്‍വനും' 'ആറുസാമി'ക്കും വിസിലടിച്ചവര്‍ പറയണം; പൊലീസ് അതിക്രമത്തില്‍ ഇവര്‍ക്കും ഒരു പങ്കില്ലേ?