മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം തുടരും വന്‍ വിജയമാണ് നേടിയത്
കരിയറില്‍ ഇത്രയധികം വ്യത്യസ്ത ജോണറുകളില്‍ സിനിമ ചെയ്ത മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ ജയരാജിനെപ്പോലെ ഇല്ല. ദേശാടനവും ജോണി വാക്കറും 4 ദി പീപ്പിളും ഹൈവേയുമൊക്കെ ഒരാളാണ് ചെയ്തതെന്ന് അറിയുമ്പോള്‍ ഒരു യുവ സിനിമാപ്രേമി ആദ്യം അമ്പരക്കും. മമ്മൂട്ടിയും സുരേഷ് ഗോപിയും അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജയരാജ് ഇതുവരെ മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ചെയ്തിട്ടില്ല. ഇപ്പോഴിതാ അങ്ങനെയൊന്ന് സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് പറയുകയാണ് അദ്ദേഹം. 360 റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം പറയുന്നത്.
മോഹന്‍ലാലുമൊത്ത് ഒരു സിനിമ എന്ന് എന്ന ചോദ്യത്തിന് ജയരാജിന്‍റെ മറുപടി ഇങ്ങനെ- ലാലേട്ടന്‍റെ കൂടെ സിനിമ ചെയ്യാനായിട്ട് ഞങ്ങള്‍ പലപ്പോഴും പ്ലാന്‍ ചെയ്തിരുന്നു. നടന്നില്ല. പക്ഷേ എനിക്ക് തോന്നുന്നു, 2026 ല്‍ അതിനുള്ള സാധ്യത കാണുന്നുണ്ട്. ചിലപ്പോള്‍ നടക്കും, ജയരാജ് പറയുന്നു. മോഹന്‍ലാലിന്‍റെ വലിയ ജനപ്രീതി നേടിയ തുടരും എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഒരു പഴയ മലയാള ഗാനം സര്‍ഗാത്മകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശാന്തമീ രാത്രിയില്‍ എന്ന് ആരംഭിക്കുന്ന ഗാനം ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലേതാണ്.
അതേസമയം ജയരാജിന്‍റെ സംവിധാനത്തില്‍ ഇനി പുറത്തു വരാനിരിക്കുന്ന സിനിമയുടെ പേരും ശാന്തമീ രാത്രിയില്‍ എന്നാണ്. ജയരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ എസ്തര്‍ അനില്‍, കെ ആര്‍ ഗോകുല്‍, സിദ്ധാര്‍ഥ് ഭരതന്‍, ജീന്‍ പോള്‍, ടിനി ടോം, കൈലാഷ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍ ജയരാജ്, റോള്‍ഡ് തോമസ്, ജെയിംസ് വലിയപറമ്പില്‍, സുനില്‍ സക്കറിയ, സുരേഷ് ഐപ്പ്, ജോര്‍ജ് കുരുവിള, ജോബി ജോസ്, സാവിയോ ജോസ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
ഛായാഗ്രഹണം നവീന്‍ ജോസഫ് സെബാസ്റ്റ്യന്‍, വിഗ്നേഷ് വ്യാസ് (യുകെ), എഡിറ്റര്‍ സൂരജ് ഇ എസ്, വരികള്‍ കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം, സ്പീഡ് സന്യാസിന്‍, സോണി സായ്, സൂരജ് എസ് വാസുദേവ്, രമ്യത്ത് രാമന്‍, സംഗീതം ജാസി ഗിഫ്റ്റ്, പശ്ചാത്തല സംഗീതം ഏബല്‍ ബെഞ്ചമിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി കോട്ടയം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു, രാഹുല്‍ ജഗജിത്ത്, ജിനോ ജോര്‍ജ്.