2013 മുതൽ നൂറ് ശതമാനവും ശരീരം തളർന്ന്, കോമയിലായ വ്യക്തിയായിരുന്നു ഹരീഷ് റാണ. 

രാജ്യത്ത് ആദ്യമായി ദയാവദത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ വിട വാങ്ങിയിരിക്കുകയാണ്. 2013 മുതൽ നൂറ് ശതമാനവും ശരീരം തളർന്ന്, കോമയിലായ വ്യക്തിയായിരുന്നു ഹരീഷ്. ഹരീഷിന്റെ വിടവാങ്ങൽ വലിയ വാർത്തയാകുന്നതിനിടെ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജയരാജ് സംവിധാനം ചെയ്ത അത്ഭുതം എന്ന സിനിമയും ചർച്ചയായി മാറിയിരിക്കുകയാണ്. ദയാവധത്തെക്കുറിച്ചായിരുന്നു ഈ ചിത്രം. ഈ പടത്തെ കുറിച്ചും ഹരീഷ് റാണയെ കുറിച്ചും എംബി പത്മകുമാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

എം ബി പത്മകുമാറിന്റെ വാക്കുകൾ ഇങ്ങനെ

"നീ വേദന അനുഭവിച്ചാലും ജീവിച്ചിരിക്കണം എന്നത് എന്റെ സ്വാർത്ഥത... നീ വേദനിക്കാതെ മരിക്കണം എന്ന് നിന്റെ സ്വാർത്ഥത... എന്നും എന്റെ മകൻ ജയിക്കുന്നതാണ് എനിക്കിഷ്ടം…"

വർഷങ്ങൾക്ക് മുൻപ്, ജയരാജ് സാറിന്റെ 'അത്ഭുതം' എന്ന സിനിമയിലെ ഈ വാക്കുകൾ വല്ലാതെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. കാലത്തിന് മുൻപേ സഞ്ചരിച്ച ആ സിനിമ സംസാരിച്ചത്, അന്ന് നമുക്ക് അപരിചിതമായിരുന്ന ദയാവധത്തെക്കുറിച്ചായിരുന്നു. ചലനമറ്റ ശരീരത്തിൽ കുടുങ്ങിപ്പോയ ഒരു കലാകാരന്റെ ജീവനുവേണ്ടിയുള്ള പിടപ്പും മരണത്തിനായുള്ള ദാഹവും ക്യാമറ ഒപ്പിയെടുത്തപ്പോൾ, അത് വെറുമൊരു കാഴ്ചയായിരുന്നില്ല. നിശ്ശബ്ദതയ്ക്ക് മരണത്തേക്കാൾ ഭാരമുണ്ടെന്ന് നമ്മെ ഓർമ്മിപ്പിച്ച ഒരനുഭവമായിരുന്നു. ജീവന്റെ പ്രതീക്ഷ നൽകുന്ന നീല വെളിച്ചവും, മരണത്തിന്റെ ശാന്തത നൽകുന്ന ഇരുട്ടും പരസ്പരം മത്സരിച്ച ആ മുറി; അദ്ദേഹത്തന്റെ ചാനലിലൂടെ (jayarajfilms) ജയരാജ് സാർ വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ പഴയ അതേ വിങ്ങൽ തോന്നി.

ആ വിങ്ങലിന് ഇന്നൊരു കാരണമുണ്ട്. തിരശ്ശീലയിലെ ആ ദൃശ്യങ്ങൾ കണ്മുന്നിൽ ഇരുട്ടിന്റെ ഭാരത്തോടെ യാഥാർത്ഥ്യമായത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഹരീഷ് റാണ എന്ന മുപ്പത്തിരണ്ടുകാരന്റെയും അവന്റെ അച്ഛന്റെയും ജീവിതത്തിലൂടെ.

പതിമൂന്നു വർഷമായി നൂറുശതമാനവും തളർന്നുപോയ ശരീരവുമായി, ട്യൂബിലൂടെ മാത്രം ജീവൻ നിലനിർത്തിയ ഹരീഷ്. തന്റെ മകന്റെ അവസാനിക്കാത്ത വേദന കണ്ടുനിൽക്കാനാവാതെ, അവന് 'അന്തസ്സോടെ മരിക്കാനുള്ള അവകാശം' തേടി അച്ഛൻ അശോക് റാണ നടത്തിയ നീണ്ട നിയമപോരാട്ടം അവസാനിച്ചത് സുപ്രീം കോടതിയിലാണ്. രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞ വാക്കുകൾ ഏതൊരു സിനിമാ ക്ലൈമാക്സിനെയും തോൽപ്പിക്കുന്നതായിരുന്നു:

"ഇതൊരു കീഴടങ്ങലായി തോന്നാം. എന്നാൽ ഇത് അങ്ങേയറ്റത്തെ കാരുണ്യത്തിന്റെയും ധീരതയുടെയും പ്രവൃത്തിയാണ്. നിങ്ങൾ മകനെ ഉപേക്ഷിക്കുകയല്ല, മറിച്ച് അവനെ അന്തസ്സോടെ യാത്രയാക്കുകയാണ്..."

ഡൽഹി എയിംസിലേക്ക് മാറ്റുന്നതിന് മുൻപ്, അവന് നൽകിയ യാത്രാമൊഴിയുടെ വീഡിയോയിൽ നിറകണ്ണുകളോടെ ഒരു ബ്രഹ്മകുമാരി പറയുന്ന വരിയുണ്ട്: "എല്ലാവരോടും ക്ഷമിക്കുക, മാപ്പുചോദിക്കുക... ഇനി പോകാനുള്ള സമയമായി." അവിടെ വീണ്ടും മുഴങ്ങിയത് 'അത്ഭുത'ത്തിലെ ആ അച്ഛന്റെ വാക്കുകൾ തന്നെയാണ്.

സ്നേഹിക്കുന്നവരെ സ്വന്തം വേദനകൾക്കിടയിലും പിടിച്ചു നിർത്താൻ ശ്രമിക്കുന്നത് മനുഷ്യന്റെ സ്വാർത്ഥതയാണ്. എന്നാൽ അവർക്ക് വേണ്ടി ആ സ്വാർത്ഥതയെ ബലികഴിക്കാൻ തയ്യാറാകുമ്പോഴാണ് സ്നേഹം ശൂന്യതയോളം വിശാലമാകുന്നത്. മരണം ചിലപ്പോൾ ഒരു വിമോചനമാണ്. കേവലം ജീവൻ നിലനിർത്തുന്നതിനേക്കാൾ, വേദനയില്ലാതെ മരിക്കുന്നതാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ നീതി.

ജനനത്തിലെന്നപോലെ, മരണത്തിലും ഒരു മനുഷ്യന് അന്തസ്സ് അർഹതപ്പെട്ടതാണ് എന്ന് ഹരീഷിന്റെ ഈ യാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming