സംവിധായകൻ ജീത്തു ജോസഫിന്റെ മക്കള്‍ പറഞ്ഞത് ഏറ്റെടുത്ത് ആരാധകര്‍.

മോഹൻലാലിന്റെ നേര് വമ്പൻ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഇന്ന് മോഹൻലാലിന്റെ നേരിന്റെ വിജയ ആഘോഷവും കൊച്ചിയില്‍ നടന്നു. ആഘോഷ ചടങ്ങില്‍ ജീത്തുവിന്റെ മക്കള്‍ പറഞ്ഞ വാക്കുകളും .ചര്‍ച്ചയാകുകയാണ്. നേര് വായിച്ചപ്പോള്‍ തോന്നയതിനേക്കാളും മികച്ച സിനിമയായി മാറി എന്നാണ് ജീത്തു ജോസഫിന്റെ മക്കളായ കാത്തിയും കാറ്റിനയും പറയുന്നത്.

തിരക്കഥകള്‍ വായിക്കാൻ തരാറുണ്ടെന്ന് ജീത്തുവിന്റെ മകള്‍ കാത്തി വ്യക്തമാക്കുകയായിരുന്നു. നേര് ചെയ്യണോ എന്നായിരുന്നു തങ്ങള്‍ ആദ്യം ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ വിലയിരുത്തല്‍ തെറ്റായതിലാണ് സന്തോഷം. നേര് പ്രതീക്ഷിച്ചതിനുമപ്പുറമുള്ള ഒരു വേറിട്ട ചിത്രമായിരിക്കുകയാണ് എന്നും കാത്തി വ്യക്തമാക്കി.

ഡാഡി ഞങ്ങള്‍ക്ക് ഒരു സിനിമയുടെ കഥ കേള്‍പ്പിക്കുമ്പോള്‍ ആ വിഷ്വലൈസേഷൻ മനസില്‍ തോന്നാറുണ്ട്. അതിനും അപ്പുറമാണ് ഓരോ സിനിമയിലും വരാറുള്ളത് എന്നും കാത്തി ചൂണ്ടിക്കാട്ടി. എന്നാല്‍ നേരില്‍ പത്ത് മടങ്ങിലധികം പറഞ്ഞതില്‍ നിന്ന് മികച്ചതായി. ലാല്‍ സാര്‍ ഞങ്ങളെ എന്തായാലും സ്‍ക്രീനില്‍ ഞെട്ടിച്ചു. സ്‍ക്രീനില്‍ സാധാരണ ലാലേട്ടനെയല്ല കണ്ടത്. വിജയമോഹനെ ആയിരുന്നു ഞങ്ങള്‍ കണ്ടത്. സാറ വീണാല്‍ ആ തിരക്കഥയും സിനിമയും വീഴും എന്നിരിക്കേ മികച്ചതായിട്ടാണ് അനശ്വര ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും കാത്തി അഭിപ്രായപ്പെട്ടു.

വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടപ്പോള്‍ തികച്ചും സാധാരണക്കാരന്റെ മാനറിസങ്ങളോടെ താരഭാരമില്ലാത്ത ഒരു നടനെയാണ് പ്രേക്ഷകര്‍ക്ക് കാണാനായത്. ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിന്റെ വൻ തിരിച്ചുവരവാണ് നേര് എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയുമാണ് തിരക്കഥ എഴുതിയത്.

Read More: കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക