ലോകേഷ് രജനികാന്ത് ചിത്രം ഏപ്രില്‍ മാസത്തോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അതിനിടയിലാണ് ആരാണ് ചിത്രത്തില്‍ വില്ലനാകുക എന്ന ചര്‍ച്ച കൊഴുക്കുന്നത്.
ചെന്നൈ: തലൈവര്‍ 171 എന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വലിയ വാര്‍ത്തയാണ്. കോളിവുഡിലെ ഇപ്പോഴത്തെ സെന്‍സേഷന്‍ ഡയറക്ടര്‍ ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ വലിയ പ്രത്യേകത. അടുത്ത വര്‍ഷം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. ഇപ്പോള്‍ കോളിവുഡിലെ ചര്‍ച്ച ചിത്രത്തില്‍ ആരാണ് വില്ലനായി എത്തുക എന്നതാണ്.
ലോകേഷ് രജനികാന്ത് ചിത്രം ഏപ്രില്‍ മാസത്തോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. അതിനിടയിലാണ് ആരാണ് ചിത്രത്തില്‍ വില്ലനാകുക എന്ന ചര്‍ച്ച കൊഴുക്കുന്നത്. തമിഴിലെ ചില മുന്‍നിര താരങ്ങളെ തന്നെ ലോകേഷ് രജനികാന്തിന്‍റെ വില്ലനാകുവാന്‍ സമീപിച്ചെന്നാണ് വിവരം. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഏറ്റവും അവസാനം ലോകേഷ് വിജയ് സേതുപതിയെ സമീപിച്ചെന്നാണ് വിവരം.എന്നാല്‍ വിജയ് സേതുപതി കഥ കേട്ടുവെങ്കിലും യെസ് പറഞ്ഞില്ലെന്നാണ് വിവരം.
ലോകേഷ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്ററിലും, കമല്‍ഹാസന്‍ അഭിനയിച്ച വിക്രത്തിലും പ്രധാന വില്ലന്‍ വിജയ് സേതുപതിയാണ്. അടുത്തിടെ വില്ലന്‍ വേഷങ്ങളില്‍ നിന്നും ഇടവേളയെടുക്കുന്നു എന്നും വിജയ് സേതുപതി പ്രതികരിച്ചിരുന്നു. അതിനാല്‍ തന്നെ വിജയ് സേതുപതി ഈ വേഷം ഏറ്റെടുക്കുമോ എന്നത് കണ്ടറിയേണ്ട വിഷയമാണ്.
സണ്‍ പിക്ചേര്‍സാണ് തലൈവര്‍ 171 നിര്‍മ്മിക്കുന്നത്. രജനികാന്തിന്‍റെ വന്‍ ഹിറ്റായ ജയിലര്‍ സണ്‍ പിക്ചേര്‍സായിരുന്നു നിര്‍മ്മിച്ചത്. അതിനിടെ തലൈവര്‍ 171 സംബന്ധിച്ച് മറ്റൊരു വിവരവും പ്രചരിച്ചിരുന്നു. ജനി ലോകേഷ് ചിത്രത്തിലേക്ക് ഷാരൂഖാനെ ഒരു വേഷത്തിലേക്ക് വിളിച്ചുവെങ്കിലും ഷാരൂഖ് നോ പറഞ്ഞുവെന്നാണ് വിവരം.
ഈ സംഭവവുമായി ബന്ധപ്പെട്ട് ചില സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാരൂഖ് ഖാനെ കൊണ്ടുവരാന്‍ ലോകേഷ് കനകരാജിന് താല്‍പ്പര്യം ഉണ്ടാിരുന്നു. ലോകേഷ് ഷാരൂഖ് ഖാനെ കാണുകയും അദ്ദേഹത്തിന് വേണ്ടി എഴുതിയ ക്യാരക്ടര്‍ സംബന്ധിച്ച് വിശദമായി അദ്ദേഹത്തോട് വിവരിക്കുകയും ചെയ്തു.
ഷാരൂഖിന് കഥയും റോളും ഏറെ ഇഷ്ടപ്പെട്ടു. രജനികാന്തിനൊപ്പം അഭിനയിക്കാന്‍ വിളിച്ചതില്‍ തന്‍റെ നന്ദിയും പറഞ്ഞു. എന്നാല്‍ തനിക്ക് ഇപ്പോള്‍ ഈ റോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ലോകേഷിനെ അറിയിച്ചു. ഷാരൂഖ് വളരെ മാന്യമായി തന്നെയാണ് ലോകേഷിനെ ഈ കാര്യം അറിയിച്ചത്. ബ്രഹ്മാസ്ത്ര, റോക്കട്രി, ടൈഗർ 3 തുടങ്ങിയ ചിത്രങ്ങളിൽ തുടർച്ചയായി ഗസ്റ്റ് അപ്പീയറന്‍സുകള്‍ ഷാരൂഖ് നടത്തിയിരുന്നു. അതിനാല്‍ സ്വന്തം ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
