അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ഇതിനെ 'സത്യമേവ ജയതേ' എന്ന് പറഞ്ഞാണ് അൻസിബ സ്വാഗതം ചെയ്തത്.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനും നിയമപോരാട്ടത്തിനും ഒടുവിൽ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. കോടതി വിധിയെ സത്യമേവ ജയതേ എന്ന് പറഞ്ഞാണ് അൻസിബ സ്വീകരിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെ പരിസഹിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ടിനിയെ "ഠീം ഠോം" എന്ന് പറഞ്ഞാണ് നിഷാദ് വിശേഷിപ്പിച്ചത്. പിന്നാലെ കോടതിയിൽ ചെന്ന് മജിസ്ട്രേറ്റിനെ അനുകരിക്കരുതെന്നും പറഞ്ഞു.
"എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം ... കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ. മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ", എന്നായിരുന്നു എംഎ നിഷാദിന്റെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. 'എമ്പുരാൻ 'അനുകരണം' കണ്ടു കൊതി തീർന്നില്ല, ഞാൻ അന്നേ പറഞ്ഞു കോടതി കേസ് എടുക്കാൻ ആവശ്യപ്പെടും എന്ന്. ഉള്ളിൽ വർഗീയത നിറഞ്ഞ ആളാണ് ഇയാൾ. അനാവശ്യമായി ഒരാളെ ജിഹാദിയും ഡിഎൻഎ നോക്കാൻ പറയുകയും ചെയ്യുന്നത് വലിയ കുറ്റം തന്നെ ആണ്, ജയിലിലെ കൊടും ക്രിമിനലുകളെ ഇവന്റെ മിമിക്രി കേൾപ്പിച്ചു ശിക്ഷിക്കണം, ലാലേട്ടനെ അനുകരിക്കുന്ന വീഡിയോ ആ ജഡ്ജി കണ്ട് കാണും, ഇദ്ദേഹം ചെറിയ നടനല്ല, വലിയ നടനാണ്. സ്ക്രീനിൽ അല്ല, ജീവിതത്തിൽ അഭിനയിച്ചാണ് ഇത്രയും പേരെടുത്തത്', എന്നിങ്ങനെ പോകുന്നു ടിനിയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകൾ.



