ഫുട്ബോൾ റഫറി പിയർലൂയിജി കൊളീനയുമായി രൂപസാദൃശ്യമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണത്തിന് നടൻ ഉണ്ണി നായർ നൽകിയ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി.
സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് ചെറിയൊരു കാര്യം മതി വൈറാലയി മാറാൻ. നല്ല കാര്യമായാലും മോശം കാര്യമായാലും ഇക്കാര്യത്തിൽ യാതൊരു മാറ്റവും ഇല്ല. അത്തരത്തിൽ നടൻ ഉണ്ണി നായർ ഒരു ചോദ്യത്തിന് നൽകിയൊരു മറുപടിയാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്. ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയങ്കരനും സുപരിചിതനുമായ റഫറി കൊളീനയുമായി(Pierluigi Collina) ബന്ധപ്പെട്ടൊരു ചോദ്യമാണ് ഉണ്ണി നായർക്ക് നേരെ വന്നത്.
ഒരു സിനിമയുടെ പ്രിവ്യൂ ഷോയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ ഉണ്ണി നായർ. ഇവിടെ വച്ച് കൊളീനയെ പോലെയുണ്ടല്ലോ നിങ്ങളെ കാണാൻ എന്നായിരുന്നു ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചോദ്യം. കൊളീനയെ അറിയാമെന്ന് പറഞ്ഞ ഉണ്ണി നായർ, 'ഒരാളെ പോലെ ഒൻപത് പേരുണ്ടാകുമെന്ന് പറയാറില്ലേ. അല്ലാതെ ഞാനെന്ത് കാട്ടാനാ. ചിലപ്പോൾ എന്റെ അച്ഛൻ ഇനി ആ വഴിയ്ക്ക് പോയോ എന്ന് എനിക്കറിയില്ല', എന്നായിരുന്നു തഗ്ഗടിച്ച് അദ്ദേഹം മറുപടി പറഞ്ഞത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി വന്നത്. 'ചോദ്യം ചോദിച്ചവൻ ഇങ്ങനെ ഒരു മറുപടി പ്രതീഷിച്ചിട്ടുണ്ടാവില്ല, കിട്ടിയോ ഇല്ല ചോദിച്ചുവാങ്ങി, കിട്ടായോ. ഇല്ല ഞാൻ വീണ്ടും വീണ്ടും ചോദിച്ചു മേടിച്ചു, അവിടുന്ന് ഇങ്ങോട്ടും വരാമല്ലോ, എൻറെ അച്ഛനെ ട്രോളാൻ ഞാൻ തന്നെ ധാരാളം, മറുപടി പൊളിച്ചു ചേട്ടാ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. എല്ലാവരും പൊട്ടിച്ചിരിയുടെ ഇമോജിയ്ക്ക് ഒപ്പമാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്തെ കാൽപ്പന്തുകളിയുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ഉണ്ണി നായർ. കളരിയും യോഗയും നാൽക്കാലി കച്ചവടവുമൊക്കെയായി നടന്ന ഉണ്ണി നായരെ സംവിധായകൻ സക്കരിയ കണ്ടെത്തുകയായിരുന്നു. ആദ്യം സക്കരിയയുടെ ഒരു ഷോർട്ട് ഫിലിമിലായിരുന്നു ഉണ്ണി നായർ അഭിനയിച്ചത്.തുടർന്ന് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിൽ ഉണ്ണിനായർ എന്ന രസികൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയായിരുന്നു.



