സംവിധായകരും താരങ്ങളുമൊക്കെ നിര്‍മ്മാതാക്കളാവുന്ന കാലമാണിത്. അക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. തന്റെ നിര്‍മ്മാണക്കമ്പനിയുടെ പേരോ നിര്‍മ്മിക്കുന്ന സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും വെളിപ്പെടുത്താതെയായിരുന്നു ദുല്‍ഖറിന്റെ അറിയിപ്പ്. എല്ലാം വേണ്ട സമയത്ത് അവതരിപ്പിക്കാമെന്നാണ് ദുല്‍ഖറിന്റെ ഉറപ്പ്.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെ ഇതിനകം സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. നവാഗത സംവിധായകനായ ഷംസു സൈബയാണ് ചിത്രം ഒരുക്കുന്നത്. മലപ്പുറം സഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി (സിയാസ്)യിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് ഷംസു സൈബ. നവാഗതനായ സജാദ് കക്കുവാണ് ഛായാഗ്രഹണം. സിയാസിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ഥികളായ സമദ് ഷാന്‍ സഹസംവിധാനവും മുസമ്മില്‍ കുന്നുമ്മല്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു. 

'അശോകന്റെ ആദ്യരാത്രി' എന്നാണ് സിനിമയുടെ പേരെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വന്നാലേ ഇത് ഉറപ്പിക്കാന്‍ പറ്റൂ. ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുമോ എന്നതും അറിവായിട്ടില്ല. നടനും സംവിധായകനുമായ വിനീത് കുമാര്‍, വിജയരാഘവന്‍, സണ്ണി വെയ്ന്‍, ശേഖര്‍ മേനോന്‍ തുടങ്ങിയവര്‍ സ്വിച്ചോണ്‍ ചടങ്ങിന് എത്തിയിരുന്നു.