Major Ravi reacts against The Kerala Story 2 trailer. താൻ മതസൗഹാർദ്ദമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത്തരം കാര്യങ്ങളിൽ താല്പര്യമില്ലെന്നും സംവിധായകൻ മേജർ രവി പ്രതികരിച്ചു.
വിവാദമായ 'ദി കേരള സ്റ്റോറി 2' ട്രെയിലറിന് വിമർശങ്ങൾ കനക്കുകയാണ്. നിർബന്ധിത മതപരിവർത്തനവും ബീഫ് കഴിപ്പിക്കലുമടക്കം മത സ്പർദ്ധ വളർത്തുന്ന നിരവധി രംഗങ്ങളാണ് അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറിലുള്ളത്. ഇപ്പോഴിതാ കേരള സ്റ്റോറി 2 ട്രെയ്‌ലറിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി. മതം എന്നത് വോട്ട് കിട്ടാനായി മാത്രം അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ് എന്നാണ് മേജർ രവി പറയുന്നത്, ബീഫ് കഴിക്കാൻ താല്പര്യമുള്ളവർ കഴിക്കട്ടെയെന്നും, ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ സിനിമകളിലൂടെ താൻ കാണിച്ചിട്ടുള്ളത് മതസൗഹാർദമാണെന്നും, താനൊരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യില്ലെന്നും മേജർ രവി കൂട്ടിച്ചേർത്തു.
"ഒന്നാമതായി മതം എന്ന സംസാരം തന്നെ നിർത്തുക. ഇവിടെ ആർക്കാണ് മതം കൊണ്ടുള്ള ഉപകാരം? ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടിക്കാർക്ക് പത്ത് വോട്ട് കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതാണ് മതം. ഇതിൽ ബീഫ് കഴിക്കേണ്ടവൻ കഴിച്ചോട്ടെ, കഴിക്കേണ്ടാത്തവൻ കഴിക്കേണ്ട. ഇത് മതത്തിൻെറ പേരിൽ ആണെന്ന് പറയാൻ പറ്റില്ല. ട്രെയ്‌ലറൊന്നും ഞാൻ കണ്ടിട്ടില്ല. എന്തായാലും ശരി, മതം പറയുന്നത് മതിയാക്കിക്കൂടെ ഇനി. ഞാൻ അങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യില്ല. ഒരാളെയും മിസ് ഗൈഡ് ചെയ്യില്ല, ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് ഞാൻ ഒരു ന്യൂസ് ചാനലിന് കൊടുത്ത സ്റ്റേറ്റ്മെന്റുണ്ട്, ഇവിടെ വന്ന് മതം ചോദിച്ചുകൊണ്ട് കൊന്നിരിക്കുന്നത്, പാകിസ്ഥാനിലെ മുസ്ലിംസ് ഇവിടെ വന്ന് ഹിന്ദുക്കളെ കൊന്നതല്ല, ഇവിടെയുള്ള ഹിന്ദുവിനെയും മുസ്ലിമിനെയും അടിപ്പിക്കാൻ വേണ്ടിയിട്ട് ചെയ്തൊരു പണി. അത് പാകിസ്ഥാനിൽ നിന്നും വന്നിട്ട് ചെയ്താലും ശരി ഇവിടെ നിന്ന് ചെയ്താലും ശരി അതിനെ ഞാൻ ഇപ്പോഴും നിന്ദിക്കുകയേയുള്ളൂ. അങ്ങനെയൊരു കാര്യം ചെയ്യരുത്... ചെയ്യുന്നതിൽ എനിക്കൊരു താല്പ്പര്യവുമില്ല. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ കാണിച്ചിട്ടുള്ളത് മതസൗഹാർദമാണ് ഞാൻ കാണിച്ചിട്ടുള്ളത്. ഇങ്ങനെയൊരു വ്യക്തിയോട് ഇതൊക്കെ ചോദിച്ചുകഴിഞ്ഞാൽ എനിക്കിതൊക്കെ പുച്ഛമാണ്. ഞാനൊരിക്കലും ചെയ്യില്ല." മേജർ രവി പറയുന്നു. വെറൈറ്റി മീഡിയയോടായിരുന്നു മേജർ രവിയുടെ പ്രതികരണം.
'എങ്ങനെ പ്രദർശനാനുമതി ലഭിച്ചു?'
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് കേരള സ്റ്റോറി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ `ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത്, സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്.



