അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്നതിന് പിന്നാലെ പ്രശംസയുമായി നടൻ ഉണ്ണി മുകുന്ദൻ.

ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്നതിന് പിന്നാലെ പ്രശംസയുമായി നടൻ ഉണ്ണി മുകുന്ദൻ. ഏറ്റവും മഹത്തായ തീരുമാനമാണ് അഖിൽ എടുത്തതെന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ, ആശംസകളും അറിയിക്കുന്നു. അഖിൽ മാരാരുടെ മുൻകാലങ്ങളിലെ ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞ നടന്‍, താൻ ഉൾപ്പടെയുള്ളവർക്ക് അഖില്‍ മാരാര്‍ പ്രചോദനമാണെന്നും പറ‍ഞ്ഞു. 

പിന്നാലെ പ്രതികരണവുമായി അഖില്‍ മാരാരും രംഗത്ത് എത്തി. 'ഒരായിരം സ്നേഹം പ്രിയപ്പെട്ടവനെ..തലൈവാ..ഗുജറാത്തിൽ നിന്ന് കേരളത്തിൽ വന്ന് കാണിച്ച ഹീറോയിസം', എന്നാണ് മറുപടിയായി അഖിൽ മാരാർ കമന്‍റ് ബോക്സില്‍ കുറിച്ചത്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ

അഖിൽ, നിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിന്റെ യാത്ര നിരീക്ഷിച്ച ആർക്കും ഒരു കാര്യം വ്യക്തമാകും. യാതൊരുവിധ പ്രിവിലേജുകളും ഇല്ലാതെ വന്ന വ്യക്തിയാണ് നീ എന്ന്. അതാണ് നിന്റെ കഥയെ ഇത്രയും ശക്തമായി നിലനിർത്തുന്നത്.

യഥാർത്ഥമായ ആരാധനയിൽ നിന്നു കൊണ്ടാണ് ഞാനിത് എഴുതുന്നത്. ചെറിയൊരു ​ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ളൊരു ആൺകുട്ടി. അവൻ പടിപടിയായി ഉയർന്ന്, ഇന്ന് എന്തായിത്തീരാൻ പോകുന്നുവെന്നത് ഏറെ പ്രചോദനകരമായ കാര്യമാണ്. മറ്റുള്ളവർക്ക് മാത്രമല്ല, എനിക്കും. ചില സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച്, വളരെ ബുദ്ധിമാനായ വിദ്യാർത്ഥിയായിരുന്നു നീ. ചിന്തയിൽ വ്യക്തതയും മൂർച്ചയുള്ള അഭിപ്രായവുമുള്ള ഒരാളായിരുന്നു. കാലക്രമേണ, നിന്റെ നിലപാടുകൾ വ്യക്തമായി. ആഴത്തിൽ ചിന്തിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്യുന്നു.

നീ സോഡ വിറ്റ, പഴക്കച്ചവടക്കാരനായി ഫോട്ടോകളെല്ലാം വളരെ ശക്തമാണ്. "വൈറ്റ് കോളർ" മൂല്യനിർണ്ണയത്തിൽ ഒരിക്കലും അഭിനിവേശമില്ലാത്തൊരു യുവാവിനെയാണ് അത് കാണിച്ച് തരുന്നത്. ഏകദേശം പത്ത് വർഷം മുൻപാണ് നമ്മൾ ആദ്യമായി കാണുന്നത്. അന്ന് നിന്റെ കണ്ണിൽ ഒരു ചലച്ചിത്രകാരനെ എനിക്ക് കാണാൻ പറ്റി. ആ കൂടിക്കാഴ്ച പെട്ടെന്ന് ഫലം കണ്ടില്ല. പക്ഷേ എന്റെ ഉള്ളിൽ 'ചലച്ചിത്രകാരനാകണമെന്നുള്ള നിന്റെ വിശപ്പ്' തങ്ങി നിന്നു. ശേഷം ഒരു സംവിധായകനായി ഞാൻ കണ്ടു.

പിന്നീടാണ് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ യാത്ര. സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ പങ്കുവയ്ക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. പക്ഷേ ഇത് പറയേണ്ടത് അനിവാര്യമാണ്. ഷോയിൽ പോകുന്നതിന് മുമ്പുള്ള നിന്റെ ഭയം ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. നിന്നിൽ ഒരു വിജയിയെ കാണുന്നു എന്നാണ് ഞാനന്ന് പറഞ്ഞത്. ഒടുവിൽ നീ ഷോയ്ക്ക് അകത്തേക്ക്. മാക്സിമം പൊരുതി, ഒരു വിജയിയായി തിരികെ. നീ ഒരു ഫീൽഡിൽ ഇറങ്ങുകയാണെങ്കിൽ അത് പാതി വഴിയിൽ ഉപേക്ഷിക്കില്ലെന്ന് അന്ന് തെളിയിച്ചു. ക്രിക്കറ്റ് ​ഗ്രൗണ്ടിൽ വച്ച് കണ്ടപ്പോഴും എന്റെ ഈ നിരീക്ഷണം ശക്തിപ്പെടുത്തി. നിന്റെ ബെസ്റ്റ് നൽകാൻ എപ്പോഴും നീ തയ്യാറായിരുന്നു. കേരള സ്ട്രൈക്കേഴ്സിന്റെ ഭാ​ഗമാകുക എന്നത് ചെറിയൊരു നേട്ടമല്ല. അതിന് പ്രതിബദ്ധതയും അച്ചടക്കവും മനസും ആവശ്യമാണ്.

ഇപ്പോൾ, രാഷ്ട്രീയം!

ഇതുവരെയുള്ള യാത്രയിൽ നീ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ തീരുമാനമാണിത്. ഒരു ഗോഡ്ഫാദറില്ലാതെ, തലമുറകളുടെ രാഷ്ട്രീയ പിൻബലമില്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുക എന്നത് ധൈര്യമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് പകരം പൊതുസേവനം തിരഞ്ഞെടുക്കുന്നത് ഇന്നത്തെ യുവാക്കൾക്ക് പ്രചോദനമാണ്. ആശയങ്ങൾ അംഗീകരിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നത് ദ്വിതീയമാണ്. വ്യക്തിപരമായി, രാഷ്ട്രീയക്കാരോട് എനിക്ക് ബഹുമാനമുണ്ട്, കാരണം ചില തലങ്ങളിൽ അവർ സമൂഹത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചവരാണ്. ഒരിടത്തിരുന്ന് വിമർശിക്കാൻ എളുപ്പമാണ്. അതിലേക്ക് കടക്കുക എന്നത് പ്രയാസമാണ്.

നീ ഒരുപാട് സംസാരിച്ചു. പ്രശ്നങ്ങൾ അഭിസംബോധന ചെയ്തു. ഇനിയാണ് യഥാർത്ഥ പരീക്ഷണം. മുന്നോട്ട് തന്നെ പോകൂ. പ്രവൃത്തികൾ എപ്പോഴും വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കും. ഒറ്റയ്ക്ക് നിൽക്കാനും അത് നടപ്പിലാക്കാനും ധൈര്യം ആവശ്യമാണ്. ഇതുവരെ നീ എന്തായിരുന്നോ ആ മനുഷ്യനായി തന്നെ തുടരുക. ഈ പുതിയ അധ്യായത്തിൽ നിനക്ക് ശക്തിയും വിവേകവും ധൈര്യവും ഉണ്ടാകട്ടേയെന്ന് ആശംസിക്കുകയാണ്. ബഹുമാനം മാത്രം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming