Asianet News MalayalamAsianet News Malayalam

ക്യാപ്റ്റനില്‍ അതിഥിയാകാൻ ആദ്യം മമ്മൂക്കയ്‍ക്ക് ആശങ്കയുണ്ടായിരുന്നു: പ്രജേഷ് സെൻ

മമ്മൂട്ടി ക്യാപ്റ്റനില്‍ അഭിനയിക്കാൻ സമ്മതിച്ചതിനെ കുറിച്ച് പ്രജേഷ് സെൻ.

Director Prajesh Sen writes about Mammootty
Author
Kochi, First Published Aug 6, 2021, 2:32 PM IST

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് 50 വര്‍ഷങ്ങള്‍ തികയുകയാണ്. മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു ഒരുകാലത്തെ ഏറ്റവും വലിയ സ്വപ്‍നമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറയുന്നു. ആദ്യമായി തീയറ്ററില്‍ കണ്ട മമ്മൂട്ടി സിനിമയെക്കുറിച്ചും പ്രജേഷ് സെൻ പറയുന്നു. ക്യാപ്റ്റൻ എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ച കാര്യങ്ങളും പ്രജേഷ് സെൻ ഓര്‍ക്കുന്നു.

പ്രജേഷ് സെന്നിന്റെ കുറിപ്പ്

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ഒരു വടക്കൻ വീരഗാഥയാണ് ആദ്യം കണ്ടതെന്ന് ഓർമയിൽ പതിഞ്ഞ് നിൽക്കുന്ന ചിത്രം. ചന്തുവായി വീട്ടിലെ വാഴകൾ വെട്ടിനിരത്തിയതിന് കിട്ടിയ സമ്മാനത്തിന്റെ ചൂടും മറന്നിട്ടില്ല. സ്‍കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് സീന തീയറ്ററിൽ പോയി ആദ്യം കണ്ടത് പാഥേയമാണ്. പിന്നീടങ്ങോട്ട് റിലീസിന്റെ അന്നു തന്നെ മമ്മുക്ക പടങ്ങൾ കാണുകയെന്നത് ശീലമായി മാറി.

മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‍നം. അദ്ദേഹത്തിന്റെ  വീട്ടിൽ വച്ച് തന്നെയായിരുന്നു ആദ്യത്തെ കാഴ്‍ച.
കണ്ണും മനസ്സും നിറഞ്ഞ് അന്തം വിട്ട് നോക്കി നിന്നു എന്നതാണ് ശരി. മാധ്യമ പ്രവർത്തകനായ സമയത്ത് ഇന്റര്‍വ്യൂ ചെയ്യാനും അവസരം കിട്ടി. ഓരോ ചോദ്യത്തിനും  വ്യക്തതയോടെ മറുപടി നൽകി ക്ഷമയോടെ ദീർഘനേരം സംസാരിച്ചു. വിറയൽ കൊണ്ട് ചോദ്യങ്ങൾ പലതും വിഴുങ്ങിയ ഓർമ്മയാണത്.

സിനിമയിൽ അസിസ്റ്റന്റെ ഡയറക്ടറായപ്പോൾ   ഭാസ്കർ ദ റാസ്‍കലിൽ ഒപ്പം ജോലി ചെയ്യാനായി. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വച്ചാണ് ക്യാപ്റ്റൻ തുടങ്ങുന്നത് മമ്മൂക്കയോട് പറയുന്നത്. ഫുട്ബാൾ ഷൂട്ട് ചെയ്യുന്നതിനെക്കുറിച്ചും അതിനുപയോഗിക്കുന്ന ക്യാമറകളെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. പിന്നെ ഒന്ന് രണ്ട് വിദേശ സിനിമകൾ കാണാൻ നിർദ്ദേശിച്ചു.

ഫുട്ബാളുമായി ബന്ധമില്ലാത്ത സിനിമകളായിരുന്നു അത്. പക്ഷേ ഇമോഷന് ഏറെ പ്രാധാന്യമുള്ളത്. ഷൂട്ടിന് മുമ്പ് മാനസികമായ തയ്യാറെടുപ്പിന് വളരെയധികം സഹായിക്കുമെന്ന് ഗുരുനാഥനെപ്പോലെ പറഞ്ഞുതന്നു.  ക്യാപ്റ്റനിൽ അതിഥിയായി ഒരു സീനിൽ എത്തുന്നതിൽ ആദ്യം മമ്മൂക്കയ്ക്ക്  ആശങ്കയുണ്ടായിരുന്നു. പിന്നീട് സത്യേട്ടന് അദ്ദേഹത്തോടുള്ള സ്‍നേഹവും ആരാധനയും മനസ്സിലാക്കിയതോടെ അഭിനയിക്കാൻ സമ്മതിച്ചു. 'ആ നമുക്ക് ചെയ്യാം' ആ വാക്കുകൾ എന്നിൽ നിറച്ച സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അങ്ങനെ ആദ്യ സിനിമയിൽ തന്നെ മമ്മൂക്കയോട് ആക്ഷൻ പറയാനുള്ള  ഭാഗ്യമുണ്ടായി.

എത്ര കടൽ കണ്ടാലും നമുക്ക് മതിയാവാറേഇല്ലല്ലോ

ഭംഗിമാത്രമല്ല കടല്‍തീരത്തുനിന്ന് ആഴങ്ങളിലേക്ക് നോക്കി നില്‍കുമ്പോള്‍ കിട്ടുന്നൊരു നിര്‍വൃതിയുണ്ട്. ഇനിയും മനോഹരമായ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തോന്നൽ ഉണ്ടാകും. അതാണ് മമ്മൂക്ക.

അഭിനയത്തിന്റെ  50 സുവർണ്ണ വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കുമ്പോൾ ആ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios