മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാലൻ: ദി ബോയ്'. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച സിനിമയെന്ന് സംവിധായകൻ പ്രിയദർശൻ ഇതിനെ പ്രശംസിച്ചു. ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം. ഇതാണ് ബാലൻ: ദി ബോയ് എന്ന സിനിമയുടെ യുഎസ്പി. അതുതന്നെയാണ് സിനിമയോടുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും. റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആകാംക്ഷയും പ്രതീക്ഷയും ജനിപ്പിക്കുന്ന ബാലനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് ബാലൻ എന്നാണ് പ്രിയദർശൻ പറയുന്നത്.
"കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാൻ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണ് ബാലന്‍. ഒരു സിനിമ സംഭവിക്കുന്നതാണ്. ഉഗ്രന്‍ സിനിമ എടുത്തു കളയാമെന്ന് കരുതി സിനിമ എടുക്കാന്‍ പറ്റില്ല. ചിദംബരം ആണ് ഈ ഷിപ്പിന്‍റെ ക്യാപ്റ്റന്‍. പക്ഷേ സിനിമയുടെ ഭാഗമായ എല്ലാവരും തങ്ങളുടേതായ സംഭാവനങ്ങൾ വളരെ മികച്ച രീതിയില്‍ തന്നെ സിനിമയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട്. മലയാള സിനിമയിലെ മികച്ചൊരു സിനിമകളില്‍ ഒന്ന് എന്ന് ബാലന്‍ എന്നും ഓര്‍മിക്കപ്പെടും. അതെന്‍റെ ഗ്യാരന്‍റിയാണ്", എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ. ദ ക്യൂ സ്റ്റുഡിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രിയദർശന്റെ പ്രതികരണം.
കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രമായിരുന്നു ബാലൻ. അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റിയ ചിത്രം 19 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. പുതുമുഖം ഫർസാന പാലത്തിങ്കലാണ് നായിക. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.



