രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ 'ഒടിയൻ' സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പൃഥ്വിരാജും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങൾ.

രു സിനിമ പ്രഖ്യാപിക്കുമ്പോൾ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും പുറമെ ശ്രദ്ധിക്കപ്പെടുന്നൊരു കാര്യം ടൈറ്റില്‍ അനൗൺസ്മെന്റ് പോസ്റ്ററാണ്. പോസ്റ്റർ പുറത്തുവന്നു കഴിഞ്ഞാൽ അവയെ ഇഴകീറി പരിശോധിച്ച് അല്ലെങ്കിൽ അതിന്റെ ഉള്ളറകളിലേക്കിറങ്ങി അനാലിസിസ് നടക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളും ധാരാളമാണ്. അത്തരത്തിലൊരു പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മലയാള സിനിമയിൽ ഹൊറർ സിനിമകളുടെ പ്രിയ സംവിധായകനായ രാഹുൽ സദാശിവന്റെ അടുത്ത പടം ഒടിയന്റെ പോസ്റ്ററാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൃഥ്വിരാജും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഒടിയൻ. ഒരു കണ്ണാടിയും അതിനുള്ളിൽ മനുഷ്യനാണോ മൃ​ഗമാണോ എന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന തരത്തിലൊരു രൂപവുമാണ് അനൗൺസ്മെന്റ് പോസ്റ്ററിൽ ഉള്ളത്. മോഹൻലാൽ ചിത്രത്തിൽ പറയാത്തതും പൂർണ്ണമായും ഇരുട്ടിൽ നടക്കുന്ന ഒരു സർവൈവൽ ത്രില്ലർ ആയിരിക്കും ചിത്രമെന്നുമാണ് അനാലിസിസുകൾ. "ഒടിയൻ-2018 സിനിമയിൽ പറയാത്ത, ഒടിയന്മാരെ കുറിച്ചുള്ള വളരെ ഡാർക്ക്‌ ആയിട്ടുള്ള ഒരു കാര്യം ആണ് ഈ പോസ്റ്ററിൽ ഉള്ളത്. ഒടിയന്മാർ തങ്ങളുടെ ശക്തിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചാ*പിള്ളകളെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബോഡി ഉണക്കി പൊടിച്ച് തങ്ങളുടെ ആഭിചാര ക്രിയകൾക്ക് വേണ്ടി, വേഷം മാറാനും മറ്റും ഉപയോഗിച്ചിരുന്നതായി കഥകൾ കേട്ടിട്ടുണ്ട്. പുതിയ ഒടിയന്റെ പോസ്റ്ററിൽ ഇതാണ് കാണുന്നതും. ഗർഭപ്രത്രത്തിലെന്ന പോലെ കിടക്കുന്ന ആഴ്ചകൾ പ്രായമുള്ള കുട്ടിയുടെ സ്കെൽറ്റൺ", എന്നാണ് ഒരാളുടെ വിലയിരുത്തൽ. അനന്ദു എന്ന ആളുടെ അനാലിസിസ് ചുവടെ ചേർക്കുന്നു.

  • ആ പഴയ കണ്ണാടി: വെറുമൊരു ഫ്രെയിം അല്ല അത്. കണ്ണാടികൾ എപ്പോഴും സത്യം വിളിച്ചുപറയുന്ന ഒന്നാണല്ലോ. പുറമെ മനുഷ്യനായും മൃഗമായും വേഷം മാറുന്ന ഒടിയന്റെ യഥാർത്ഥവും ഭയാനകവുമായ രൂപമാണ് ആ കണ്ണാടിയിൽ പ്രതിഫലിക്കുന്നത്. അവർ ആരുടേയും കണ്ണ് വെട്ടിച്ച് പകൽ സമയങ്ങളിൽ നമുക്കിടയിൽ തന്നെ ഉണ്ടാകാം, പക്ഷെ കണ്ണാടിയിലെ പ്രതിബിംബം സത്യം കാണിക്കുന്നു.
  • മനുഷ്യനോ അതോ മൃഗമോ?: കണ്ണാടിക്കുള്ളിലെ ആ അസ്ഥികൂടം കണ്ടോ? ഉടൽ മനുഷ്യന്റേതാണ്, പക്ഷേ തലയോട്ടിക്കൊരു പ്രത്യേകതയുണ്ട്... ഒരു കാളയുടേതോ മൃഗത്തിന്റേതോ പോലെ കൊമ്പുകൾ! ഒടിവിദ്യയുടെ ഏറ്റവും ഭയാനകമായ അവസ്ഥയാണിത്. വേഷം മാറുക എന്നത് വെറുമൊരു മാജിക്കല്ല, മനുഷ്യശരീരം മൃഗമായി മാറുമ്പോഴുള്ള അതികഠിനമായ വേദനയും മാറ്റവുമാണ് ഇത് കാണിച്ച് തരുന്നത്.
  • ആ ചുരുണ്ടുകൂടിയുള്ള കിടപ്പ്: അമ്മയുടെ വയറ്റിൽ കിടക്കുന്ന ഒരു കുഞ്ഞിനെപ്പോലെയാണ് ആ അസ്ഥികൂടം ചുരുണ്ടുകൂടി കിടക്കുന്നത്. ഇതൊരു ഇരുണ്ട പുനർജന്മത്തെയാണ് (Dark Rebirth) സൂചിപ്പിക്കുന്നത്. മനുഷ്യനിൽ നിന്ന് മൃഗത്തിലേക്കുള്ള മാറ്റത്തിന് മുൻപുള്ള നിസ്സഹായതയോ, അതോ ഈ ദുർമന്ത്രവാദത്തിൽ കുടുങ്ങിപ്പോയ ഒരു ജന്മത്തിന്റെ ശാപമോ ആകാം അത്.
  • മായാജാലം (The Age of Illusion): പോസ്റ്ററിലെ ടാഗ്‌ലൈൻ ശ്രദ്ധിച്ചോ? ഒടിയന്മാർക്ക് വെറുതെ രൂപം മാറാൻ മാത്രമല്ല, ഇരകളുടെ കണ്ണിൽ പൊടിയിടാനും (Illusion/Maya) കഴിവുണ്ടായിരുന്നു. വഴി തെറ്റിക്കുക, ഇല്ലാത്തത് കാണിക്കുക, ഒടുവിൽ തളർന്നു വീഴുമ്പോൾ ആക്രമിക്കുക..അതായത്, ചിത്രത്തിൽ നമ്മൾ കാണുന്നതൊന്നും സത്യമാകണമെന്നില്ല!
  • രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ ട്രാക്ക് റെക്കോർഡ് വെച്ച് നോക്കുമ്പോൾ, ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം വള്ളുവനാടൻ മിത്തുകളെ ഇതിലും ഡാർക്ക് ആയി അവതരിപ്പിക്കാൻ വേറെ ആരുമില്ല എന്ന് തന്നെ പറയാം. പൂർണ്ണമായും ഇരുട്ടിൽ നടക്കുന്ന ഒരു സർവൈവൽ ത്രില്ലർ ആയിരിക്കുമോ ഇത്?