സർക്കാർ സ്ത്രീകൾക്കായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ 'പ്രിയദർശിനി' എന്ന പേരിൽ സൗജന്യയാത്ര ആരംഭിച്ചു കഴിഞ്ഞു. സ്ത്രീ-പുരുഷ സമത്വം ചൂണ്ടിക്കാട്ടി പുരുഷന്മാർക്കും വിദ്യാർത്ഥികൾക്കും സൗജന്യയാത്ര നൽകണമെന്ന് നടി പ്രിയങ്ക അനൂപ് ആവശ്യപ്പെട്ടു.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര. ഒടുവിൽ വിഡി സതീശൻ മന്ത്രിസഭ അധികാരത്തിലേറി ഒരുമാസം പിന്നിട്ടപ്പോൾ ആ വാഗ്ദാനം പാലിക്കുകയും ചെയ്തിരിക്കുകയാണ്. ജൂൺ 15 മുതൽ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പ്രിയദർശിനി എന്ന് എഴുതിയിരിക്കുന്ന ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര ലഭ്യമാകുക. പദ്ധതിയെ പ്രശംസിച്ച് നിരവധി പേർ എത്തുമ്പോൾ, പ്രായമായ പുരുഷന്മാർക്കും സൗജന്യ യാത്ര നൽകാമായിരുന്നുവെന്ന ആവശ്യവും ഒരുവശത്ത് ഉയരുന്നുണ്ട്.
ഇപ്പോഴിതാ സൗജന്യ യാത്രയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പ്രിയങ്ക അനൂപ്. സ്ത്രീയും പുരുഷനും തുല്യരാണെന്നും പുരുഷന്മാർക്കും സൗജന്യ ബസ് നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു. പദ്ധതി നടപ്പാക്കിയതിന് പിന്നാലെ പുകിലുകൾ വരാൻ തുടങ്ങിയെന്നും പ്രൈവറ്റ് ബസുകൾ സമരം തുടങ്ങിയിട്ടുണ്ടെന്നും പ്രിയങ്ക ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
"സ്ത്രീയും പുരുഷനും രണ്ടും തുല്യരാണ്. പുരുഷന്മാര്‍ക്കും ബസ് കൊടുക്കണം. അതാണ് എന്‍റെ അഭിപ്രായം. ഇപ്പോള്‍ വലിയ പ്രായം ഒന്നും വേണ്ട മോനേ. നമ്മളൊക്കെ ഇപ്പോള്‍ തന്നെ പ്രായമായി. ഏത് നിമിഷവും നമ്മുടെ അവസ്ഥ ഭയങ്കര ഭീകരമാകും. പണ്ടത്തെ പോലെ 80, 90 വയസുവരെ ഞാന്‍ ജീവിക്കും എന്ന വിചാരം ഒന്നും ആര്‍ക്കും ഇല്ല. ഉള്ള സമയം, നല്ലപോലെ ജീവിക്കുന്ന സമയത്ത് വയ്യാത്തതും കുറച്ചു ബുദ്ധിമുട്ടുള്ള ആള്‍ക്കാര്‍ക്കും സൗജന്യ സര്‍വീസ് കൊടുത്ത്, കെഎസ്ആര്‍ടിസിക്ക് നഷ്ടമില്ലാത്ത രീതിയില്‍ വേറെ ബസുകളൊക്കെ ഇറക്കി. ഇതിന് വേണ്ടി മാത്രമായിട്ട് സര്‍വീസ് ഇറക്കുകയാണെങ്കില്‍ കുറച്ചു കൂടി നല്ലതായിരിക്കും. ഇതിന്‍റെ പുറകിലിപ്പോള്‍ പുകില് വരാന്‍ തുടങ്ങി. പ്രൈവറ്റ് ബസുകാര്‍ സമരം തുടങ്ങിയിട്ടുണ്ട്", എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
"വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യം കൊടുക്കണം. അവരൊക്കെ കഷ്ടപ്പെട്ടാണ് ബസില്‍ കയറി പോകുന്നത്. ഇദ്ദേഹം(മുഖ്യമന്ത്രി) ഇപ്പോള്‍ ആ സീറ്റിലേക്ക് കയറി ഇരുന്നതല്ലേ ഉള്ളൂ. എല്ലാം കൂടി ഒരുമിച്ച് ചെയ്ത് തരാന്‍ പറ്റോ. ഓരോന്ന് ഓരോന്നായി ചെയ്ത് വരും. പുരുഷന്മാർക്ക് സൗജന്യം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ ഞാൻ തയ്യാറാണ്. അതിൽ എന്താണ് കുഴപ്പം", എന്നും പ്രിയങ്ക അനൂപ് കൂട്ടിച്ചേർത്തു.



