മമ്മൂട്ടി ഭ്രമയുഗത്തിലേക്ക് എത്തിയതിനെ കുറിച്ച് സംവിധായകൻ രാഹുല്‍ സദാശിവന്റെ വെളിപ്പെടുത്തല്‍. 

വേഷപ്പകര്‍ച്ചകളാല്‍ വിസ്‍മയിപ്പിക്കുകയാണ് മമ്മൂട്ടി. അങ്ങനെ മമ്മൂട്ടിയില്‍ പ്രതീക്ഷയുള്ള പുതിയ ചിത്രം ഭ്രമയുഗമാണ്. രൂപത്തിലും ഭാവവത്തിലും നടൻ മമ്മൂട്ടി ചിത്രത്തില്‍ അമ്പരപ്പിക്കും എന്ന് ആരാധകര്‍ കരുതുന്നു. മമ്മൂട്ടിയെ ഭ്രമയുഗത്തിലേക്കെത്തിച്ചത് മൂന്ന് ഘടകങ്ങളാണെന്ന് സംവിധായകൻ രാഹുല്‍ സദാശിവൻ വെളിപ്പെടുത്തിയതും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

ആദ്യ വിവരണത്തിലേ മമ്മൂട്ടി യെസ് പറഞ്ഞിരുന്നു എന്ന് രാഹുല്‍ സദാശിവൻ റേഡിയോ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മൂന്ന് ഘടകങ്ങളാണ് മമ്മൂട്ടിയോട് പറഞ്ഞത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് ഇത് എന്നും വ്യത്യസ്‍തമായ കാലഘട്ടത്തിലാണ് അവതരിപ്പിക്കുന്നത് എന്നും വേറിട്ട ഒരു കഥാപാത്രമാണ് ചെയ്യേണ്ടത് എന്നും മമ്മൂട്ടിയെ ധരിപ്പിച്ചു. കഥയും ഇഷ്‍ടപ്പെട്ടതോടെ മമ്മൂട്ടി ചെയ്യാമെന്ന് പറയുകയായിരുന്നു എന്നും ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ടെന്നും പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണ് എന്നും രാഹുല്‍ സദാശിവൻ വെളിപ്പെടുത്തുന്നു.

കുഞ്ചമൻ പോറ്റിയായാണ് മമ്മൂട്ടി ഭ്രമയുഗം സിനിമയില്‍ വേഷമിടുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐതിഹ്യമാലയുമായോ കടമറ്റത്ത് കത്തനാര്‍ കഥകളുമായോ ബന്ധമില്ല എന്നും ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ ആണെന്നും ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ ആണെന്നും സംവിധായകൻ രാഹുല്‍ സദാശിവൻ വ്യക്തമാക്കി. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സിനിമയുടെ തിരക്കഥ എഴുതുന്നത്.

സംഭാഷണം ടി ഡി രാമകൃഷ്‍ണനാണ്. അര്‍ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഗീതം ക്രിസ്റ്റോ സേവ്യറാണ്.

Read More: രജനികാന്തിന്റെ ലാല്‍ സലാം ആദ്യ ദിവസം നേടിയത്, ക്ലിക്കായോ സ്റ്റൈല്‍ മന്നന്റെ അതിഥി വേഷം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക