അന്തരിച്ച വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ്‌യെ അനുസ്മരിച്ച് സംവിധായകൻ വി. എ ശ്രീകുമാർ മേനോൻ.

അന്തരിച്ച വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ്‌യെ അനുസ്മരിച്ച് സംവിധായകൻ വി. എ ശ്രീകുമാർ മേനോൻ. ഇന്ദിരാഗാന്ധിയുടെയും സത്യജിത് റേയുടെയും വിശ്വപ്രസിദ്ധമായ പോർട്രൈറ്റ്സ് മുതൽ സാധാരണക്കാരന്റെ തെരുവുജീവിതം വരെ നീളുന്നതായിരുന്നു ആ വിസ്മയക്കാഴ്ചകൾ എന്നാണ് ശ്രീകുമാർ മേനോൻ രഘു റായ്‌യെ അനുസമരിച്ചുകൊണ്ട് കുറിച്ചത്.

“ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളെ പകർത്തുന്ന തൊഴിലാണ് ഞാൻ ചെയ്യുന്നത്" എന്നായിരുന്നു തന്റെ ഫോട്ടോഗ്രാഫി ഇഷ്ടങ്ങളെ രഘുറായ് സർ വിശേഷിപ്പിച്ചത്. മദർ തെരേസയുടെ കാരുണ്യവും, കുംഭമേളയിലെ മനുഷ്യസാഗരവും, ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളും, ബംഗ്ലാദേശ് യുദ്ധത്തിന്റെ തീക്ഷ്ണതയും അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തി. ഇന്ദിരാഗാന്ധിയുടെയും സത്യജിത് റേയുടെയും വിശ്വപ്രസിദ്ധമായ പോർട്രൈറ്റ്സ് മുതൽ സാധാരണക്കാരന്റെ തെരുവുജീവിതം വരെ നീളുന്നതായിരുന്നു ആ വിസ്മയക്കാഴ്ചകൾ. ഫോട്ടോഗ്രാഫിയുടെ ഇന്ത്യൻ മേൽവിലാസമായ പത്മശ്രീ രഘു റായ് സാറിന് വിട." ശ്രീകുമാർ മേനോൻ കുറിച്ചു.

ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു രഘു റായ്‍യുടെ അന്ത്യം. കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ വിയോഗം അറിയിച്ചത്. ദില്ലിയിലെ ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. ഇന്ന് പാകിസ്ഥാൻ്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ ഝാങ് ഗ്രാമത്തിൽ 1942-ലായിരുന്നു ഇദ്ദേഹത്തിൻ്റെ ജനനം. സ്വതന്ത്ര ഇന്ത്യയുടെ വൈവിധ്യവും വേദനയും സംഘർഷങ്ങളും സന്തോഷങ്ങളും ബ്ലാക്ക് ആൻ്റ് വൈറ്റ് ഫ്രെയിമുകളിൽ കവിതകളായി പകർത്തി ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ മഹാരഥനായിരുന്നു രഘു റായ്.