'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാകും മോഹൻലാൽ അവതരിപ്പിക്കുകയെന്നാണ് സോഷ്യൽ മീഡിയയുടെ പ്രെഡിക്ഷൻ
മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കർ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തകൾ ഏറെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. പ്രതിഭയും പ്രതിഭാസവും ഒന്നാകുന്നു എന്നായിരുന്നു പ്രേക്ഷക അഭിപ്രായം. ഉടൻ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ അവസരത്തിൽ ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.
'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാകും മോഹൻലാൽ അവതരിപ്പിക്കുകയെന്നാണ് സോഷ്യൽ മീഡിയയുടെ പ്രെഡിക്ഷൻ. 'മലക്കോട്ടൈ വാലിബന്‍'എന്നാണ് ചിത്രത്തിന്റെ പേരെന്നും ചർച്ചകളുണ്ട്. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രമാണിതെന്നും മോഹൻലാൽ ഗുസ്തിക്കാരനായാണ് എത്തുകയെന്നും ഇവർ പറയുന്നു. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലാകും ലിജോ ജോസ് സിനിമ ഒരുക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫാൻ മേഡ് പേസ്റ്ററുകളും സോഷ്യൽ മീഡിയകളിൽ നിറയുന്നുണ്ട്.
മാസങ്ങൾക്ക് മുൻപ് തന്നെ ലിജോ ജോസും മോഹൻലാലും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒടുവിൽ ഇരുവരും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നുവെന്നും ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ചിത്രമാകും ഇതെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുക ആയിരുന്നു.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുകയെന്നാണ് വിവരം. ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ ആയിരുന്നു ഇവരുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. "പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം", എന്നായിരുന്നു പോസ്റ്റ്. ഇതോടെ ലിജോ- മോഹൻലാൽ ചിത്രമാണിതെന്ന് ആരാധകർ സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ജിജോ ജോസിന്റേതായി റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഈ വർഷത്തെ ഐഎഫ്എഫ്കെ മത്സരവിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
