ജീവിത യാഥാർത്ഥ്യങ്ങളും സമൂഹത്തിന്റെ മറുവശവും താൻ അറിയണമെന്ന് കരുതി അദ്ദേഹം മനഃപൂർവം ചെയ്തതാണിതെന്ന് ദിവ്യ പ്രഭ പറയുന്നു. Divya Prabha 

കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്ന നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക് തുടങ്ങീ ചിത്രങ്ങളിലെ ദിവ്യ പ്രഭയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം കരിയറിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള നോമിനേഷൻ ആ വർഷം ദിവ്യ പ്രഭയ്ക്ക് ലഭിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രം കാനിൽ ഗ്രാൻഡ് പ്രി അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഈ വർഷം പുറത്തിറങ്ങിയ കൃഷാന്ത്‌ ചിത്രം മസ്തിഷ്ക മരണത്തിലും ദിവ്യ പ്രഭ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ ചെറുപ്പത്തിലേ അച്ഛനോടൊപ്പം മുംബൈയിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യ പ്രഭ. അന്ന് അച്ഛൻ തനിക്ക് കാണിച്ചുതന്നത് മുംബൈയുടെ മറ്റൊരു വശമായിരുന്നുവെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ഇന്നാലോചിക്കുമ്പോൾ അച്ഛൻ മനപൂർവം അങ്ങനെ ചെയ്തതാണെന്ന് തനിക്ക് തോന്നാറുണ്ടെന്നും ദിവ്യ പ്രഭ കൂട്ടിച്ചേർത്തു.

"അച്ഛന്റെ സുഹൃത്താണ് സംവിധായകൻ പ്രിയനന്ദൻ. ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മുരളി സാറിന് പുരസ്‌കാരം ലഭിക്കുന്നത്. ആ ചടങ്ങിന് അച്ഛൻ എന്നെയും കൂട്ടിക്കൊണ്ടുപോയിരുന്നു. സിനിമയിലെ ഒരാളെ ആദ്യമായി നേരിൽ കാണുന്നതിന്റെ ആവേശമായിരുന്നു അന്ന് എനിക്ക്. മുംബൈയിൽ എല്ലാവരും ചുറ്റിക്കറങ്ങാൻ പോയപ്പോഴേക്കും അച്ഛൻ എന്നോട് പറഞ്ഞു, നമുക്ക് മറ്റു ചില സ്ഥലങ്ങൾ കാണാൻ പോകാമെന്ന്. അന്ന് ഞാൻ കണ്ടത് ലോക്കൽ ട്രെയിനിലെ ശ്വാസംമുട്ടിക്കുന്ന യാത്രകളും കാമാത്തിപുരയിലെ മനുഷ്യരും ജുഹു ബീച്ചിന്റെ ഏറ്റവും വൃത്തികെട്ട വശങ്ങളുമൊക്കെയായിരുന്നു. ഇത്ര വൃത്തികെട്ട സ്ഥലമാണോ പേരുകേട്ട മുംബൈ എന്ന് അന്ന് തോന്നിപ്പോയിരുന്നു. ഇന്നാലോചിക്കുമ്പോൾ അച്ഛൻ മനപൂർവം അങ്ങനെ ചെയ്തതാണെന്ന് തോന്നാറുണ്ട്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളും സമൂഹത്തിന്റെ മറുവശവും അറിയട്ടെ എന്ന് കരുതിയാകാം അദ്ദേഹം എന്നെ അവിടങ്ങളിലേക്ക് കൊണ്ടുപോയത്." വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ പ്രഭയുടെ പ്രതികരണം.

YouTube video player