അഞ്ച് ഭാഷകളില്‍ തിയറ്ററുകളില്‍ എത്തും
കരിയറിലെ അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ആരംഭം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കില്‍ നിന്നുള്ള നവാഗത സംവിധായകന്‍ രവി നീലക്കുഡിതിയാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം എസ്എല്‍വി സിനിമാസിന്‍റെ ബാനറില്‍ സുധാകര്‍ ചെറുകുറിയാണ്. ദുല്‍ഖറിന്‍റെ കരിയറിലെ 41-ാം ചിത്രമായ ഇതിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ ഡിക്യു 41 എന്നാണ്. പൂജ ചടങ്ങുകളോടെ ചിത്രത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കാലികമായ ഒരു പ്രണയകഥ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ലക്കി ഭാസ്കറിന് ശേഷം ജി വി പ്രകാശ് കുമാര്‍ ഒരു ദുല്‍ഖര്‍ ചിത്രത്തിന് സംഗീതം പകരുകയാണ് ഡിക്യു 41 ലൂടെ. അനയ് ഗോസ്വാമിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കൊല്ല അവിനാഷ് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. തെലുങ്ക് താരം നാനിയാണ് ചടങ്ങില്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. സംവിധായകരായ ബുച്ചി ബാബു സനയും ശ്രീകാന്ത് ഒഡേലയും ചടങ്ങിന് എത്തിയിരുന്നു.
ഗുണ്ണം സന്ദീപ്. രമ്യ ഗുണ്ണം, നാനി എന്നിവരാണ് തിരക്കഥ പ്രതീകാത്മകമായി കൈമാറിക്കൊണ്ട് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമിട്ടത്. ദുല്‍ഖറിന്‍റെ കരിയറിലെ 41-ാമത്തെ ചിത്രമായ ഇത് എസ്എല്‍വി സിനിമാസിന്‍റെ നിര്‍മ്മാണത്തില്‍ എത്തുന്ന പത്താമത്തെ ചിത്രവുമാണ്. ചിത്രത്തിലെ മറ്റ് താരനിരയെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് ശ്രദ്ധേയ ചിത്രങ്ങളുടെ ഒരു നിരയാണ് ദുല്‍ഖറിന്‍റേതായി പുറത്തെത്താനിരിക്കുന്നത്. തമിഴ് ചിത്രം കാന്തയാണ് അതിലൊന്ന്. തെലുങ്ക് താരം റാണ ദഗുബാട്ടി സഹനിര്‍മ്മാതാവാകുന്ന ചിത്രമാണ് ഇത്. തെലുങ്കില്‍ നിന്ന് മറ്റൊരു ചിത്രവും ദുല്‍ഖറിന്‍റേതായി പുറത്തെത്താനുണ്ട്. പവന്‍ സഡിനേനി സംവിധാനം ചെയ്യുന്ന ആകാശം ലോ ഒക താരയാണ് അത്. ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലയാള ചിത്രം ഐ ആം ഗെയിമും ദുല്‍ഖറിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. മറുഭാഷകളിലും പ്രേക്ഷകര്‍ ഏറിയതോടെ ദുല്‍ഖറിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളൊക്കെയും ബഹുഭാഷാ പ്രേക്ഷകരെ മുന്നില്‍ക്കണ്ട് ഉള്ളതുമാണ്.

