ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക' എന്ന സിനിമയുടെ കേരള പ്രീമിയർ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നടക്കും. പാപ്പുവ ന്യൂ ഗിനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയാണിത്.
ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'യുടെ കേരള പ്രീമിയർ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അരങ്ങേറും. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഡിസംബർ 12 മുതൽ 19 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയാണ് പപ്പ ബുക്ക. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. പാപ്പുവ ന്യൂ ഗിനിയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രത്യേകതയും പപ്പ ബുക്ക എന്ന ചിത്രത്തിനുണ്ട്.
ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയും സംയുക്ത നിര്‍മാണ പങ്കാളികള്‍ ആയ 'പപ്പ ബുക്ക' പൂര്‍ണ്ണമായും പാപ്പുവ ന്യൂ ഗിനിയില്‍ ആണ് ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി ,ബംഗാളി , ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നാഫയുടെ ബാനറില്‍ നോലെന തൌലാ വുനം, ഇന്ത്യന്‍ നിര്‍മാതാക്കള്‍ ആയ അക്ഷയ് കുമാര്‍ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷന്‍സ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷന്‍സ്), പ്രകാശ് ബാരെ ( സിലിക്കന്‍ മീഡിയ ) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് 85 വയസ്സുള്ള പപ്പുവ ന്യൂ ഗിനിയിലെ ട്രൈബല്‍ വിഭാഗത്തില്‍ നിന്നുമുള്ള സിനെ ബൊബോറൊ ആണ് . ഇന്ത്യയില്‍ നിന്നും പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി , മലയാളി നടന്‍ പ്രകാശ് ബാരെ എന്നിവര്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ജോണ്‍ സൈക്, ബാര്‍ബറ അനാറ്റു, ജേക്കബ് ഒബുരി, സാന്ദ്രാ ദാവുമ, ക്ലെമന്റ് ജിമാ , മാക്സ് മാസോ തുടങ്ങിയവര്‍ ആണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂന്നു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജ് ആണ്. ചായാഗ്രാഹണം യെദു രാധാകൃഷ്ണന്‍, കോറൈറ്റര്‍ ദാനിയല്‍ ജോനര്‍ദഗ്ട്ട്, എഡിറ്റര്‍ ഡേവിസ് മാനുവല്‍.



