20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരികെ നൽകിയതെന്നായിരുന്നു ഹരീഷ് കണാരന്റെ ആരോപണം.
നടൻ ഹരീഷ് കണാരന്റെ വാക്കുകളോട് പ്രതികരിച്ച് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ. സോഷ്യൽ മീഡിയയിലൂടെയാണ് ബാദുഷ പ്രതികരിച്ചിരിക്കുന്നത്. തനിക്ക് പറയാനുള്ളത്ത് റേച്ചൽ സിനിമയുടെ റിലീസിന് ശേഷം പറയുമെന്നാണ് ബാദുഷ കുറിച്ചിരിക്കുന്നത്. 'എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം', എന്നാണ് ബാദുഷ കുറിച്ചത്.
20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരികെ നൽകിയതെന്നായിരുന്നു ഹരീഷ് കണാരന്റെ ആരോപണം. തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിർത്തിയെന്നും സമാനമായ രീതിയില്‍ ധര്‍മ്മജന്റെ കയ്യില്‍ നിന്നും ബാദുഷ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹരീഷ് കണാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഹരീഷ് കണാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്
2018 ൽ റിലീസായ കല്യാണം എന്ന സിനിമ മുതലാണ് പ്രൊഡക്ഷൻ ഡിസൈനറും നിർമ്മാതാവുമായ എൻ ബാദുഷ് മറ്റ് സിനിമകൾക്ക് വേണ്ടി എന്റെ ഡേറ്റ് മാനേജ് ചെയ്‍ത് തുടങ്ങിയത്. 2014 മുതൽ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഹാസ്യ റോളുകള്‍ ലഭിച്ചിരുന്നു. അന്ന് എന്റെ ഡേയ്‍റ്റുകള്‍ മാനേജ് ചെയ്യാമെന്ന് പറഞ്ഞ് ബാദുഷ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു.
ഞാൻ പ്രധാനവേഷത്തിലെത്തിയ കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഒബ്‌റോൺ മാളിന് സമീപത്തുള്ള ഒരു സ്ഥലത്തിന്റെ റജീസ്ട്രേഷനുമായി ബന്ധപ്പെട്ട് തനിക്ക് അത്യാവശ്യമായി 20 ലക്ഷം രൂപ തരണമെന്നും സ്ഥലത്തിന്റെ റജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞാൽ ഉടൻ ആ പണം തിരിച്ച് തരാമെന്നും പറഞ്ഞ് ബാദുഷ എന്നോട് 20 ലക്ഷം രൂപ കടമായി ആവശ്യപ്പെടുന്നത്. എച്ച് ഡി എഫ് സി ബാങ്ക് വഴി അക്കൗഡ് ട്രാൻസർ വഴിയാണ് പണം കൈമാറിയത്. പണം കൈ പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും ബാദുഷ പണം തിരികെ നൽകിയില്ല. സമാനമായ ആവശ്യം പറഞ്ഞ് ധർമ്മജന്റെ കൈയിൽ നിന്നും ബാദുഷ ഈ കാലയളവിൽ പണം വാങ്ങിയിരുന്നു.
തുടർന്ന് കോവിഡ് മഹാമാരി പടരുകയും ലേക്ഡൗൺ സംഭവിക്കുകയും ചെയ്തു. ലേക്ഡൗൺ സമയത്ത് ബാദുഷയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്ക് ഭക്ഷണ കിറ്റ് വിതരണവും ടെവിഷൻ വിതരണവും ചെയ്തിരുന്നു. ഇവ രണ്ടിനും വേണ്ടി ഒരു ലക്ഷം രൂപ ഞാൻ ബാദുഷയ്ക്ക് നൽകിയിരുന്നു. കോവിഡിന് ബാദുഷ നടത്തിയ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാനിച്ച് ഒരു ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കമ്മീഷൻ ബാദുഷയ്ക്ക് ഹോണററി ഡോക്ടറേറ്റ് നൽകിയിരുന്നു. പക്ഷേ മറ്റുള്ളവരുടെ പണം സമാഹരിച്ചാണ് ബാദുഷ ഈ പ്രവർത്തനങ്ങൾ നടത്തിയത്. 2019 ൽ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ഷഫീർ സേട്ടിൻ്റെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടിയും ബാദുഷ എന്നില്‍ നിന്ന് അൻപതിനായിരം രൂപ വാങ്ങിയിരുന്നു.
എന്റെ വീട് പുതുക്കി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോഴാണ് ബാദുഷയോട് ആദ്യമായി തൻ്റെ കൈയിൽ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് ചോദിക്കുന്നത്. അപ്പോൾ ബാദുഷ നിർമ്മിക്കുന്ന വെടിക്കെട്ട് എന്ന സിനിമ റിലീസിന് തയ്യാറെടുക്കവയായിരുന്നു . വെടിക്കെട്ട് ഇറങ്ങിയാൽ വലിയ വിജയമാവുമെന്നും പണം തിരികെ നൽക്കുമെന്നുമാണ് ബാദുഷ മറുപടി നൽകിയത്. എന്നാൽ വെടിക്കെട്ട് വലിയ സാമ്പത്തിക വിജയമാവാത്തതിനാൽ ആ കാരണം പറഞ്ഞ് വീണ്ടും ബാദുഷ പണം തിരികെ നൽകുന്നതിന് കാലാവധി ചോദിച്ചു. പിന്നീട് ഒരുപാട് തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ബാദുഷയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം ഇടവേള ബാബുവിനോട് ഞാൻ പങ്കുവയ്ക്കുന്നത്. ഇടവേള ബാബുവിനോട് ഈ വിഷയം അവതരിപ്പിച്ചത് മനസ്സിലാക്കിയ ബാദുഷ ചെറിയൊരു തുക തിരിച്ച് നൽകിയിരുന്നു.
എന്നാൽ ഈ സംഭവത്തിന് ശേഷം എന്നെ തേടി സിനിമകൾ എത്താതെയായി. എന്റെ ഡെയ്റ്റുകൾക്കായി വിളിക്കുന്നവരെ ഡെയ്റ്റില്ല എന്ന് പറഞാണ് ബാദുഷ മടക്കുകയായിരുന്നു. എ ആർ എം എന്ന സിനിമ സംവിധാന ചെയ്‍ത ജിതിൻ ലാലിനൊപ്പം ഞാൻ ഗോഥ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ സിനിമകളിൽ പ്രവർത്തിക്കുമ്പോഴെ എആർഎമ്മിൽ ഞാൻ ഉണ്ടാവണമെന്ന് ജിതിൻ ഹരീഷിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിൽ പ്രകാരം എആർഎം എന്ന സിനിമയുടെ പ്രാരംഭ ഘട്ടത്തിൽ നാൽപ്പത് ദിവസത്തെ ഡെയ്‌റ്റും ബാദുഷ വഴി കരാർ ആക്കിയിരുന്നു. തുടർന്ന് ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ സംവിധായകൻ ജിതിനേയും ടൊവിനോയെയും ഞാൻ ഫോൺ വിളിച്ചിട്ട് പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞ് ബാദുഷ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സമാനമായി പല സിനിമകളിൽ നിന്നും ഞാൻ ഒഴിവാക്കപ്പെട്ടു. ഒടുവിൽ അടുത്തിടെ ഒരു അവാർഡ് നിശയിൽ നിന്ന് മടങ്ങവേ ടൊവിനോ വഴിയാണ് ഞാൻ സത്യങ്ങൾ തിരിച്ചറിയുന്നത്. അമ്മയിൽ നിന്നും സന്തോഷ് കീഴാറ്റൂർ, ജോയ് മാത്യു എന്നിവർ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. അമ്മയുടെയും മറ്റ് സംഘടനകളുടെയും ഇടപെടൽ വിലയിരുത്തി, ഇനിയും ബാദുഷയിൽ നിന്നും പണം തിരികെ കിട്ടിയില്ലെങ്കിൽ നിയമപരമായി നീങ്ങാനാണ് തീരുമാനം.



