Asianet News MalayalamAsianet News Malayalam

ഏഴ് വര്‍ഷത്തെ സസ്‍പെന്‍സ് ഇവിടെ അവസാനിക്കുമോ? 'ജോര്‍ജ്‍കുട്ടിയും' കുടുംബവും എത്താന്‍ മണിക്കൂറുകള്‍

മണിക്കൂറുകള്‍ക്കപ്പുറം 'ജോര്‍ജ്‍കുട്ടി'ക്കും കുടുംബത്തിനും എന്തു സംഭവിക്കുമെന്നറിയാനുള്ള കാത്തിരിപ്പില്‍ മലയാളികളായ പ്രേക്ഷകര്‍ മാത്രമല്ല ഉള്ളത്. മറിച്ച് ഒറിജിനല്‍ 'ദൃശ്യ'വും റീമേക്കുകളും കണ്ട ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളുണ്ട്. 

drishyam 2 preview
Author
Thiruvananthapuram, First Published Feb 18, 2021, 4:47 PM IST

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വരുന്ന ഒരു മലയാളചിത്രത്തിന്‍റെ രണ്ടാംഭാഗത്തിനിടെ സംഭവിച്ചത് ആറ് ഭാഷകളിലെ റീമേക്കുകള്‍. അതില്‍ മൂന്ന് തെന്നിന്ത്യന്‍ ഭാഷകളും ഹിന്ദിയും സിംഹള, ചൈനീസ് ഭാഷകളും. മലയാളത്തിന് ഇന്നേവരെ ചിന്തിക്കാനാവാത്ത പ്രേക്ഷകപ്രീതിയിലേക്കാണ് അവകാശവാദങ്ങളൊന്നുമില്ലാതെ 2013ലെ ക്രിസ്‍മസ് റിലീസായി എത്തിയ 'ദൃശ്യം' ഇടംപിടിച്ചത്. മണിക്കൂറുകള്‍ക്കപ്പുറം 'ജോര്‍ജ്‍കുട്ടി'ക്കും കുടുംബത്തിനും എന്തു സംഭവിക്കുമെന്നറിയാനുള്ള കാത്തിരിപ്പില്‍ മലയാളികളായ പ്രേക്ഷകര്‍ മാത്രമല്ല ഉള്ളത്. മറിച്ച് ഒറിജിനല്‍ 'ദൃശ്യ'വും റീമേക്കുകളും കണ്ട ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളുണ്ട്. ആമസോണ്‍ പ്രൈം എന്ന മുന്‍നിര ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുന്നു എന്നതിനാല്‍ ആ പ്രേക്ഷകര്‍ക്കൊക്കെയും സീക്വലിന്‍റെ ഒറിജിനല്‍ വെര്‍ഷന്‍ തന്നെ എളുപ്പത്തില്‍ കാണാനുള്ള സാഹചര്യമുണ്ട്.

ഏഴ് വര്‍ഷത്തെ ഇടവേള

സന്ദര്‍ഭവശാല്‍ മൂത്തമകള്‍ 'അഞ്ജു'വിന് ചെയ്യേണ്ടിവരുന്ന ഒരു ക്രൈമിനെ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള 'ജോര്‍ജ്‍കുട്ടി', പൊലീസിനെ നോക്കുകുത്തിയാക്കി എങ്ങനെ ഒരു രഹസ്യമാക്കി സൂക്ഷിച്ചു എന്നതായിരുന്നു 'ദൃശ്യം' കഥയുടെ യുഎസ്‍പി. 'ദൃശ്യ'ത്തെ ഇത്ര വലിയ വിജയമാക്കിയ ആ ക്ലൈമാക്സ് സീക്വന്‍സ് ഒരു തുടര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തുറന്നിട്ട ഒന്നുമായിരുന്നു. എന്നാലും ഒരു രണ്ടാംഭാഗം ഉണ്ടാവാന്‍ ഏഴ് വര്‍ഷമെടുത്തു. ഇത്രയും ജനപ്രീതി നേടിയ ചിത്രവും ക്ലൈമാക്സുമായതിനാല്‍ 'ശേഷം എന്തു സംഭവിക്കു'മെന്ന ചോദ്യത്തിന് ജീത്തു ജോസഫ് ഉത്തരം കാണുന്നതിനു മുന്‍പ് പ്രേക്ഷകരില്‍ പലരും ഉത്തരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം കുറിപ്പുകളില്‍ പലതും സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. അതില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു ശ്യാം വര്‍ക്കല എന്നയാള്‍ എഴുതിയ തുടര്‍ച്ച. 20 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍സ്റ്റബിള്‍ സഹദേവന്‍ (കലാഭവന്‍ ഷാജോണ്‍) ജോര്‍ജ്‍കുട്ടിയെ കാണാനെത്തുന്നതിനെക്കുറിച്ചായിരുന്നു ശ്യാമിന്‍റെ ഭാവന.

drishyam 2 preview

 

എന്നാല്‍ ഒരു രണ്ടാംഭാഗം വേണമെന്ന നിര്‍ബന്ധത്താല്‍ ചെയ്യുന്ന സിനിമയല്ല 'ദൃശ്യം 2' എന്നാണ് ജീത്തു ജോസഫിന്‍റെ പക്ഷം. 'ദൃശ്യ'മിറങ്ങി രണ്ടാം വര്‍ഷം മുതല്‍ ഒരു രണ്ടാംഭാഗത്തെക്കുറിച്ചുള്ള ആലോചന തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ തൃപ്തികരമായ ഒരു ചിന്ത ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞിരുന്നു. "2015 മുതൽ ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം എന്ന നിലയിൽ ഒരു കഥയ്ക്ക് ചാൻസ് ഉണ്ടോ എന്നൊരു ആലോചന മനസിലുണ്ടായിരുന്നു. പലപ്പോഴും മറ്റു കഥകൾക്കിടയിൽ ഇക്കാര്യം ഞാൻ ആലോചിക്കാറുമുണ്ടായിരുന്നു. റാം എന്ന ചിത്രത്തിന്‍റെ  കഥ പറയാൻ ഒടിയന്‍റെ ലെക്കേഷനിൽ മോഹൻലാലിനെ കാണാൻ പോയപ്പോഴാണ് ഞാൻ ആദ്യമായി ആന്‍റണി പെരുമ്പാവൂരിനോട് ഈ കഥയെപ്പറ്റി പറഞ്ഞത്. റാം എഴുതി പൂർത്തിയാക്കിയ സമയത്ത് എനിക്ക് ദൃശ്യം2നെപ്പറ്റി ഒരു പൂർണ്ണരൂപം ലഭിച്ചു. ആന്‍റണി പെരുമ്പാവൂരിനോട് ഞാൻ ആദ്യമേ പറഞ്ഞത് എഴുതുന്ന ഫസ്റ്റ് ഡ്രാഫ്റ്റിൽ പരിപൂർണ്ണ സംതൃപ്തി ലഭിച്ചാൽ മാത്രമേ അതിൽ നിന്ന് പൂർണ്ണമായ തിരക്കഥയിലേക്ക് മാറ്റുകയുള്ളൂ എന്നാണ്. ഈ കഥയെപ്പറ്റി പറഞ്ഞപ്പോൾ എന്‍റെ സുഹൃത്തുക്കൾ ചോദിച്ചത് ദൃശ്യത്തിന്‍റെ പേര് കളയാൻ വേണ്ടിയാണോ നീ രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ്. എന്നാൽ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞപ്പോൾത്തന്നെ എനിക്കതിൽ പൂർണ്ണ തൃപ്‌തി കൈവന്നു. ഈ പറഞ്ഞ എന്‍റെ സുഹൃത്തുകൾക്കും ഫാമിലിക്കും ഞാൻ തിരക്കഥ വായിക്കാൻ കൊടുത്തു. തിരക്കഥ വായിച്ചതിനു ശേഷം അവർ പറഞ്ഞത് ഇത് നല്ല സിനിമയായിരിക്കും എന്നാണ്. മികച്ച അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ തിരക്കഥ പൂർത്തിയാക്കി ലാലേട്ടനും ആന്‍റണിക്കും അയച്ചു കൊടുത്തു. അവർക്കും അത് ഇഷ്ടപ്പെട്ടു".

drishyam 2 preview

 

കൊവിഡ് കാലത്തെ ധൈര്യം

ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ അടഞ്ഞുകിടന്ന, സിനിമാ വ്യവസായം പ്രതിസന്ധിയില്‍ അകപ്പെട്ട കൊവിഡ് കാലത്താണ് ചിത്രീകരണം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട് ദൃശ്യം 2ന്. കര്‍ശന നിബന്ധനകളോടെ സിനിമാ ചിത്രീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അതിനു മുന്‍പ് അനുമതി നല്‍കിയിരുന്നുവെങ്കിലും വലിയ പ്രോജക്ടുകളൊന്നും ചിത്രീകരണം ആരംഭിച്ചിരുന്നില്ല. അതിനിടെയാണ് മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തിന് തലേന്ന് 'ദൃശ്യം 2' ആരംഭിക്കാന്‍ പോകുന്നുവെന്ന് ആന്‍റണി പെരുമ്പാവൂരിന്‍റെ പ്രഖ്യാപനം വന്നത്. പിറ്റേന്ന് പിറന്നാള്‍ ദിനത്തില്‍ ഒഫിഷ്യല്‍ അനൗണ്‍സ്‍മെന്‍റ് ടീസറും പുറത്തെത്തി. കൊവിഡ് പ്രതിസന്ധി തീര്‍ത്ത നിരാശയിലും തൊഴിലില്ലായ്‍മയിലും മുന്നോട്ടുപോയ മലയാള സിനിമാലോകം ആവേശത്തോടെയാണ് 'ദൃശ്യം 2'ന്‍റെ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. സിനിമ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങളാല്‍ കഴിയുന്ന തുടക്കമിടുക എന്ന ആഗ്രഹമാണ് മോഹന്‍ലാല്‍ പ്രകടിപ്പിച്ചതെന്ന് ആന്‍റണി പറഞ്ഞിരുന്നു.

ഒടിടിയിലെ സൂപ്പര്‍ റിലീസ്

ലോകമാകെയുള്ള വിനോദവ്യവസായ മേഖല കൊവിഡില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ലാഭവിഹിതം പല മടങ്ങാക്കിയ മേഖല ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍ ആയിരുന്നു. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലത്ത് 'ഡയറക്ട് ഒടിടി റിലീസ്' എന്ന ട്രെന്‍ഡിലേക്ക് ഇന്ത്യന്‍ സിനിമയും എത്തി. ബോളിവുഡില്‍ അക്ഷയ് കുമാറിന്‍റെ ലക്ഷ്‍മിയും തമിഴില്‍ സൂര്യയുടെ 'സൂരറൈ പോട്രും' ഒക്കെ എത്തിയെങ്കിലും മലയാളത്തില്‍ ഒരു ബിഗ് കാന്‍വാസ് താരചിത്രം അങ്ങനെ എത്തിയിരുന്നില്ല. അതേസമയം സി യു സൂണ്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവ ഡയറക്ട് ഒടിടി സൂപ്പര്‍ഹിറ്റുകള്‍ ആവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ മുഴുവന്‍ കാത്തിരിപ്പുണ്ടാക്കിയ ഒരു സീക്വല്‍ ആമസോണ്‍ പ്രൈം പോലെ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുന്നത്. ഏതെങ്കിലും ഭാഷയിലുള്ള 'ദൃശ്യം' റീമേക്ക് കണ്ട പ്രേക്ഷകരൊക്കെയും സീക്വല്‍ കാണാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ആമസോണിന്‍റേത് ഏറെ ബുദ്ധിപരമായ ഒരു പര്‍ച്ചേസ് ആണ്. അടുത്തിടെയൊന്നും ഒരു ചിത്രത്തിനും നല്‍കാത്ത തരത്തിലുള്ള പ്രി-റിലീസ് പബ്ലിസിറ്റി ആമസോണ്‍ നല്‍കുന്നതു കണ്ടാല്‍ 'ദൃശ്യം 2'ല്‍ അവര്‍ക്കുള്ള പ്രതീക്ഷ എന്തെന്ന് വ്യക്തമാവും.

drishyam 2 preview

 

പ്രതീക്ഷകളുടെ അമിതഭാരം

പ്രതീക്ഷയുടെ അമിതഭാരം വഹിക്കുന്ന പ്രോജക്ടുകള്‍ റിലീസ് വരെ അതിന്‍റെ സംവിധായകനും നിര്‍മ്മാതാവിനുമൊക്കെ മിക്കപ്പോഴും ഒരു മാനസികഭാരമാണ് നല്‍കാറ്. 'ദൃശ്യം 2' പ്രേക്ഷകരില്‍ അത്തരത്തില്‍ ഉയര്‍ന്ന പ്രതീക്ഷ ഉയര്‍ത്തുന്ന ചിത്രവുമാണ്. 'ദൃശ്യം' ഇത്ര വലിയ വിജയമാകാന്‍ കാരണം അതിന്‍റെ സ്റ്റോറിലൈന്‍ ഏതു സാധാരണക്കാരനും വേഗത്തില്‍ കണക്ട് ചെയ്യാന്‍ കഴിഞ്ഞു എന്നതിനൊപ്പം അതിന്‍റെ ക്ലൈമാക്സ് സമ്മാനിച്ച 'ഞെട്ടലു'മാണ്. ഇക്കാര്യം മുന്നില്‍ കണ്ടാവണം ആദ്യം മുതലുള്ള അഭിമുഖങ്ങളില്‍ ജീത്തു ജോസഫ് വ്യക്തമാക്കാന്‍ ശ്രമിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. രണ്ടാംഭാഗത്തിന്‍റെ പശ്ചാത്തലം ക്രൈം അല്ലെന്നും മറിച്ച് ഒരു ഫാമിലി ഡ്രാമയാണ് എന്നതുമാണ് അത്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു- "ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും കഥയിലൂടെ തന്നെയാണ് 'ദൃശ്യം 2' സഞ്ചരിക്കുന്നത്. എന്നാൽ ദ്യശ്യത്തിലുള്ളതുപോലെ ഒരു ക്രൈം പശ്ചാത്തലം ചിത്രത്തിനുണ്ടാവില്ല. ഞാൻ ഇതിനെ കാണുന്നത് ഒരു നല്ല ഫാമിലി ചിത്രമായാണ്. ആളുകൾക്ക് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തെപ്പറ്റി. അതിനെ ഞാൻ ഭയക്കുന്നില്ല. ദൃശ്യം ഞാൻ ഒരിക്കലും ഒരു ത്രില്ലർ ചിത്രമായല്ല ഒരുക്കിയത്. രണ്ടു കുടുംബങ്ങളുടെ കഥ പറയുന്നതിനിടെ ത്രില്ലർ പശ്ചാത്തലം കടന്നുവരുകയായിരുന്നു. വലിയൊരു കേസിൽ നിന്നു മുക്തരായ ശേഷം ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്, പൊലീസിന്‍റെ നിലപാട് എന്താണ്, ജോർജ്ജുകുട്ടിയുടെ മക്കൾ വളർന്നതിനു ശേഷം എങ്ങനെയാണ് ആ കുടുംബം കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ദൃശ്യം 2ന്‍റെ സഞ്ചാരം."

സംവിധായകന്‍ എത്ര തന്നെ വിശദീകരിച്ചാലും പ്രേക്ഷകരുടെ പ്രതീക്ഷ ഉയരെത്തന്നെയാണ്. 'ദൃശ്യ'ത്തിന്‍റെ ആരാധകരെ ചിത്രം എത്രത്തോളം തൃപ്തിപ്പെടുത്തും എന്നത് മലയാളസിനിമാലോകം കൗതുകത്തോടെ നിരീക്ഷിക്കുന്ന ഒന്നാണ്. അത് എന്തായിത്തീരുമെന്നത് മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തമാവും. 

Follow Us:
Download App:
  • android
  • ios