Asianet News MalayalamAsianet News Malayalam

56 ദിവസത്തെ ഷെഡ്യൂൾ 46 ദിവസം കൊണ്ട് തീർന്നു; ദൃശ്യം 2ന് പാക്കപ്പ്

ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍.

drishyam 2 shooting officially ended
Author
Kochi, First Published Nov 6, 2020, 11:10 PM IST

ലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളും ചിത്രങ്ങളും ഏറെ ആകാംഷയോടെ ആയിരുന്നു ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഔദ്യോ​ഗികമായി അവസാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. 46 ദിവസം കൊണ്ടാണ്  ഷൂട്ടിം​ഗ് അവസാനിച്ചിരിക്കുന്നത്. 

56 ദിവസമായിരുന്നു ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നതെന്നും പത്ത് ദിവസം മുമ്പേ പൂര്‍ത്തിയാക്കാനായെന്നും ജീത്തു ജോസഫ് അറിയിച്ചു. സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിംഗ് തീരുന്നത് വരെ ക്രൂവിനൊപ്പം  താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയാണ്. 

കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതിനു ശേഷമായിരുന്നു പ്രധാന ലൊക്കേഷനായ തൊടുപുഴയിൽ എത്തിയത്. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്.

ആദ്യഭാഗത്തിന് വീട് വിട്ടുകൊടുക്കുമ്പോള്‍ സിനിമ ഇത്ര വലിയ വിജയമാകുമെന്ന് വീട്ടുടമസ്ഥനായ മഠത്തിപ്പറമ്പില്‍ ജോസഫ് കരുതിയിരുന്നതല്ല. ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തിന്‍റെ ചിത്രീകരണവും ഇവിടെത്തന്നെയായിരുന്നു.  ഷൂട്ടിംഗ് ആരംഭിച്ചാല്‍ പുറത്തുനിന്ന് ആരും കയറാതെ അടച്ചിടേണ്ടതിനാല്‍ മുഴുവന്‍ താരങ്ങളും ആദ്യദിനം മുതല്‍ ക്രൂവിനൊപ്പമുണ്ടായിരുന്നു. 

The shoot of Drishyam 2 has officially ended today. The film, which was scheduled for 56 days, has been completed in 46...

Posted by Jeethu Joseph on Friday, 6 November 2020

"ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്ക് ആണ്", ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

2013ല്‍ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറിയിരുന്നു. മലയാള സിനിമയില്‍ അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളെയും പിന്തള്ളിയതായിരുന്നു ദൃശ്യത്തിന്റെ ആ നേട്ടം. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. ഷൂട്ടിം​ഗ് അവസാനിച്ചതോടെ ജോർജു കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവ് എങ്ങനെയാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. 

Follow Us:
Download App:
  • android
  • ios