ദൃശ്യം 3 ബുക്കിംഗ് തുടങ്ങി.

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 3യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു. ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും പിടിച്ചിരുത്തുന്നതുമായ ഡയലോ​ഗുകൾ കൊണ്ട് മുഖരിതമായ ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് നൽകിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായാണ് ഏവരും കാത്തിരിക്കുന്നത്. മൂന്നാം ഭാഗം അല്പം ഇമോഷണലും ജോര്‍ജുകുട്ടിയ്ക്ക് പേടിയും നല്‍കുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്.

യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക