തന്‍റെ സിനിമകള്‍ക്ക് സാങ്കേതിക നിലവാരം കുറവാണെന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്.

ദൃശ്യം ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യനും കടന്ന് വിദേശ ഭാഷകളിലേക്കു വരെ റീമേക്ക് ചെയ്യപ്പെട്ട ഒറിജിനല്‍ ഉള്ളടക്കത്തിന്‍റെ സംവിധായകനാണ് ജീത്തു ജോസഫ്. എന്നാല്‍ അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഒപ്പം ജീത്തു ജോസഫ് ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു പൊതു വിമര്‍ശനമുണ്ട്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ സാങ്കേതിക നിലവാരം പോര എന്നതാണ് അത്. സീരിയല്‍ ലെവല്‍ മേക്കിം​ഗ് എന്നൊക്കെ അല്‍പം ക്രൂരമായും ചിലര്‍ ഇക്കാര്യം കുറിക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ ചിത്രങ്ങളുടെ സാങ്കേതിക നിലവാരത്തെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ടാര്‍​ഗറ്റ് ചെയ്യുന്നവര്‍ ഉണ്ടെന്നും ദൃശ്യഭാഷയിലെ തന്‍റെ ചില ചോയ്‍സുകള്‍ ഒരുപക്ഷേ സാങ്കേതിക ഘടകങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാമെന്നും ജീത്തു ജോസഫ് പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

ടെക്നിക്കല്‍ ക്വാളിറ്റി പോര എന്ന വിമര്‍ശനങ്ങള്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്, ടെക്നിക്കല്‍ ക്രൂവിനെ എപ്പോഴും റിപ്പീറ്റ് ചെയ്യുന്നത് കൊണ്ടാണോ ഈ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ജീത്തുവിന്‍റെ മറുപടി ഇങ്ങനെ- “അതിനകത്ത് കുറച്ച് കാര്യങ്ങള്‍ ഉണ്ട്. ഇപ്പോള്‍ വരുന്ന പല സിനിമകളിലും കളര്‍ഫുള്‍ പരിപാടികള്‍ ആണ് ഉള്ളത്. ലൈറ്റിം​ഗ് പാറ്റേണും കളറും ഒക്കെ വച്ചിട്ട് മേക്കിം​ഗില്‍ തന്നെ ആ വ്യത്യാസം കാണാം. മറിച്ച് എന്‍റെ സിനിമകള്‍ ഈ രീതിയില്‍ ആയിരിക്കുന്നു എന്നത് എന്‍റെ ടീമിന്‍റെ കുഴപ്പമല്ല. എനിക്ക് അത് കുറച്ച് റിയലിസ്റ്റിക് ആയിട്ട് തന്നെ മതി എന്നതുകൊണ്ടാണ്”, ജീത്തു ജോസഫ് പറയുന്നു.

“പിന്നെ കുറച്ചുപേര്‍ എഴുതുന്നതിന് പിന്നില്‍ വേറെ പ്രശ്നമുണ്ട്. അത് ഞാനിപ്പോള്‍ പരസ്യമായിട്ട് പറയുന്നില്ല. ഞാന്‍ ഈയിടെ തപ്പി കണ്ടുപിടിച്ചു. പേഴ്സണലി ചിലരെ ടാര്‍​ഗറ്റ് ചെയ്യുന്ന രീതി കണ്ടു. കുറേ ആള്‍ക്കാര്‍ തുടര്‍ച്ചയായിട്ട് എല്ലാ സിനിമയ്ക്കും വന്നിരുന്ന് ഇങ്ങനെ എഴുതുന്നുണ്ട്. അത് വിട്ടേക്കുക. ഇത് എന്തുകൊണ്ടാണ് ചോദിക്കുന്നത്? നിങ്ങള്‍ ഇത് വായിച്ചതുകൊണ്ടാണ്. ഒരു 25 പേര്‍ സ്ഥിരമായി ഇങ്ങനെ എഴുതിക്കൊണ്ടിരുന്നാല്‍ അത് വായിക്കുന്നവര്‍ ബ്രെയിന്‍ വാഷ്ഡ് ആവും. എന്‍റെ ഡ്രൈവര്‍ അത് വായിച്ചിട്ട് എന്നോട് ഒരു കമന്‍റ് പറഞ്ഞു. എനിക്ക് മനസിലായി. സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍ വായിക്കാറുണ്ടല്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉണ്ടെന്ന് പുള്ളി പറഞ്ഞു. കാരണം പുള്ളി പറഞ്ഞത് അവിടെ വന്ന ഒരു വാചകം അതുപോലെ ആയിരുന്നു. എന്‍റെ അസിസ്റ്റന്‍റ്സ് ആണ് എന്നെ ആ സോഷ്യല്‍ മീഡിയ എഴുത്ത് കാണിച്ചത്. ഒരാള്‍ തന്നെ പല സ്ഥലത്തും ഒരേ കാര്യം പറയുന്നുണ്ട്. സിനിമ ഇറങ്ങി ആദ്യ ഷോ കഴിയുമ്പോഴേക്കും എഴുതിവിടും. ആ രീതിയിലുള്ള ടാര്‍​ഗറ്റിം​ഗ് ഉണ്ട്”, ജീത്തു ജോസഫിന്‍റെ വാക്കുകള്‍.

“എന്‍റെ ഒരു രീതി കൊണ്ട് ഉണ്ടാവുന്ന പ്രശ്നമുണ്ട്. എനിക്ക് കുറച്ചൊന്ന് റിയലിസ്റ്റിക് ആയിട്ട് പോകണമെന്നുള്ളതുകൊണ്ട് ചില സ്ഥലത്ത് വരുമ്പോള്‍ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റിനെയടക്കം ഞാന്‍ നിയന്ത്രിക്കും. പക്ഷേ ഇപ്പോള്‍ സിനിമ മാറി. സിനിമയുടെ വിഷ്വല്‍ കുറച്ചൊന്ന് ലിഫ്റ്റ് ചെയ്യുന്നത് നല്ലതാണെന്ന് പൊതുവെ ഒരു അഭിപ്രായം വന്നപ്പോള്‍ ഞാനും പറഞ്ഞു, നമുക്കിന് അതിലേക്ക് പോകാമെന്ന്. കാരണം ആളുകളുടെ ടേസ്റ്റിന് അനുസരിച്ച് നമ്മളും മാറണമല്ലോ. അതിന് ടീമിലെ എല്ലാവരെയും മാറ്റേണ്ട കാര്യമൊന്നുമില്ല. കാരണം ഞാന്‍ കൊടുക്കുന്ന ഇന്‍പുട്ടില്‍ അല്ലേ അവര്‍ക്ക് ചെയ്യാന്‍ പറ്റൂ”, ജീത്തു ജോസഫ് പറയുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News