'സേതുരാമയ്യർ സിബിഐ'യിലെ "സാമി ഒന്ന് നിന്നേ" എന്ന സംഭാഷണവും മമ്മൂട്ടിയുടെ അടിയും തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്ന് സായ്കുമാർ വെളിപ്പെടുത്തി. താൻ നിർബന്ധിച്ചതിനെ തുടർന്നാണ് ഈ രംഗം ചിത്രീകരിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില സിനിമാ ഡയലോ​ഗുകൾ അങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും അതിന്റെ പുതുമ നഷ്ടമാകാതെ നിലനിൽക്കും. പല അഭിനേതാക്കളും ഒരുപക്ഷേ അറിയപ്പെടുന്നത് ഇത്തരം ഡയലോ​ഗുകളിലൂടെ ആണ്. അത്തരത്തിൽ എണ്ണിയാൽ തീരാത്തത്ര ഐക്കോണിക് ഡയലോ​ഗുകൾ മലയാള സിനിമയിലുണ്ട്. പ്രത്യേകിച്ച് പഴയകാല സിനിമകളിലേത്. അതിലൊരു ഡയലോ​ഗാണ് സേതുരാമയ്യർ സിബിഐ എന്ന ചിത്രത്തിൽ സായ്കുമാറും മമ്മൂട്ടിയും തമ്മിലുള്ളത്.

സേതുരാമയ്യർ സിബിഐ ക്ലൈമാക്സിനോട് അടുക്കുന്ന സമയത്താണ് ഈ സംഭാഷണം വരുന്നത്. 'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ' എന്ന് സായ്കുമാറിന്‍റെ കഥാപാത്രം(സത്യ ദാസ്) പറയുമ്പോൾ, മമ്മൂട്ടി അയാളുടെ ചെകിട്ടത്ത് ആഞ്ഞടിക്കുന്നതാണ് സീൻ. ഇന്നും ട്രോൾ വീഡിയോകളിൽ നിറയുന്ന ഈ ഡയലോ​ഗിന് പിന്നിലൊരു കഥയുണ്ടെന്ന് പറയുകയാണ് സായ്കുമാർ ഇപ്പോള്‍. സ്ക്രിപ്റ്റിൽ ഇല്ലാത്ത സീനും ഡയലോ​ഗുമായിരുന്നു അതെന്നാണ് സായ്കുമാർ വെളിപ്പെടുത്തിയത്.

"ആ അടി ഞാന്‍ ചോദിച്ച് വാങ്ങിച്ചതാ.. ആ സീനെടുക്കുമ്പോള്‍ മമ്മൂക്കയോട് പറഞ്ഞു ഒരടി. 'പോടാ അവിടെന്ന്' എന്നായിരുന്നു മറുപടി. 'അടിയൊന്നും ഇല്ല. സേതുരാമയ്യര്‍ ആരെയും അങ്ങനെ അടിക്കയൊന്നും ഇല്ല' എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരടി ഇക്ക. ഇല്ലെന്ന് മമ്മൂക്ക തീര്‍ത്ത് പറഞ്ഞു. മധു ചേട്ടനോടും പറഞ്ഞു ഒരടി. 'അടിയാ.. പോടാ' എന്നായിരുന്നു മറുപടി. ഞാന്‍ പറഞ്ഞു വേണ്ടെങ്കില്‍ നിങ്ങള്‍ വെട്ടിക്കളഞ്ഞോ. അങ്ങനെ എടുത്തതാണ് ആ സീന്‍. തിയറ്ററില്‍ എത്തിയപ്പോള്‍ അതിന് വലിയ കയ്യടി. 'എടാ അന്ന് ഞാന്‍ പറഞ്ഞിട്ട് എടുത്തില്ലെ സീന്‍. എങ്ങനെ ഉണ്ടായിരുന്നെ'ന്ന് മധുചേട്ടന്‍ ഇപ്പോഴെന്നോട് ചോദിക്കും. ഞാനൊന്നും മിണ്ടിയില്ല. സ്വാമി സാറിന്‍റെ സ്ക്രിപ്റ്റിലേ ഇല്ലാത്ത കാര്യമായിരുന്നു അത്", എന്നായിരുന്നു സായ്കുമാറിന്‍റെ വാക്കുകൾ. മധുവിധു എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming