മോഹൻലാൽ നായകനായ ദൃശ്യം 3 ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നു

ദൃശ്യം ഫ്രാഞ്ചൈസിക്ക് ഉള്ളത്ര മറുഭാഷാ ആരാധകര്‍ മലയാളത്തിലെ മറ്റൊരു ഫ്രാഞ്ചൈസിക്കും ഇല്ല. ഇത്രയധികം ദേശീയവും വിദേശീയവുമായ റീമേക്കുകള്‍ സംഭവിച്ച മറ്റൊരു ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. സമീപകാലത്ത് വന്‍ പ്രീ റിലീസ് ഹൈപ്പോടെ വന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം 3. ഇത് മനസിലാക്കി 11 ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം നേടിയതോടെ ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് ഇതിനകം തിരുത്തിക്കുറിച്ച ചിത്രം ഇപ്പോഴിതാ ടിക്കറ്റ് വില്‍പ്പനയിലും ഒരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ റിലീസിന്‍റെ മൂന്നാം ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലാണ് റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 3.62 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയ്ലൂടെ ചിത്രം മൂന്നാം ദിനമായ ഇന്നലെ വിറ്റത്. ബുക്ക് മൈ ഷോ പ്രതിദിന ട്രാക്കിംഗ് തുടങ്ങിയതിന് ശേഷം മലയാള സിനിമയിലെ റെക്കോര്‍ഡ് ആണ് ഇത്. എമ്പുരാന്‍, തുടരും അടക്കമുള്ള ചിത്രങ്ങളെ ഇക്കാര്യത്തില്‍ പിന്നിലാക്കിയിട്ടുണ്ട് ദൃശ്യം 3. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തിയ രണ്ടാമത്തെ ചിത്രമാണ് ദൃശ്യം 3.

ഒന്നാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തന്നെ എമ്പുരാന്‍ ആണ്. രണ്ട് ദിവസം കൊണ്ടാണ് എമ്പുരാന്‍ 100 കോടി കടന്നതെങ്കില്‍ ദൃശ്യം 3 നെ സംബന്ധിച്ച് ആ നേട്ടം മൂന്ന് ദിവസം കൊണ്ട് ആയിരുന്നു. 58 മണിക്കൂര്‍ കൊണ്ടാണ് ചിത്രം ഈ നേട്ടത്തില്‍ എത്തിയതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ബുക്ക് മൈ ഷോയില്‍ ഇട്ട റെക്കോര്‍ഡിന്‍റെ കാര്യവും നിര്‍മ്മാതാക്കള്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഞായറാഴ്ചയായ ഇന്നും ചിത്രത്തിന് വന്‍ ബുക്കിംഗ് ആണ് ലഭിക്കുന്നത്. മികച്ച ഒക്കുപ്പന്‍സിയോടെയാണ് ലോകമെമ്പാടും ചിത്രം തിയറ്ററുകളിലെ ആദ്യ ഞായറാഴ്ച ആഘോഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming