ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മുൻഭാഗങ്ങളിലെ പ്രധാന താരങ്ങളും അണിനിരക്കുന്നുണ്ട്. 

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനം കൂടിയാണ് മെയ് 21. ദൃശ്യം 2 ഒടിടി റിലീസ് ആയിരുന്നത് കൊണ്ട് തന്നെ മൂന്നാം ഭാഗമിറങ്ങുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തെ നോക്കിക്കാണുന്നത്.

ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസ് ആണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത രണ്ട് ഭാഗങ്ങളും സമ്മാനിച്ച വന്‍ വിജയവും ദൃശ്യ മികവും തന്നെയാണ് അതിന് കാരണം. 2025 സെപ്റ്റംബർ 22ന് ആയിരുന്നു ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ത്ഥന എന്നായിരുന്നു അന്ന് മോഹൻലാൽ നിറമനസോടെ പറഞ്ഞത്.

മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.