ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് പിരീഡ് ഡ്രാമ ത്രില്ലര്‍ 'കാന്ത'യുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണങ്ങള്‍. 

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വലിയ സൂക്ഷ്മത പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍, വിശേഷിച്ചും മറുഭാഷാ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍. അതിനാല്‍ത്തന്നെ തെലുങ്കിലും തമിഴിലുമൊക്കെ ദുല്‍ഖര്‍ നായകനായ ഒരു ചിത്രം വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകളും ഉയരെയാണ്. ദുല്‍ഖറിന്‍റെ അടുത്ത റിലീസും മറുഭാഷയില്‍ നിന്നാണ്. തമിഴില്‍ നിന്നെത്തുന്ന കാന്ത എന്ന ചിത്രമാണ് അത്. പിരീഡ് ഡ്രാമ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സെല്‍വമണി സെല്‍വരാജ് ആണ്. നാളെയാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. റിലീസിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ചെന്നൈയില്‍ ഇന്നലെ രാത്രി ചിത്രത്തിന്‍റെ സ്പെഷല്‍ പ്രിവ്യൂ നടന്നിരുന്നു. ഈ ഷോയില്‍ നിന്നുള്ള റിവ്യൂസ് ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോം ആയ എക്സ് നിറയെ.

പ്രിവ്യൂ ഷോയിലെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ത്തന്നെ പ്രശംസാ പോസ്റ്റുകള്‍ എക്സില്‍ എത്തിയിരുന്നു. ഷോ പൂര്‍ത്തിയായപ്പോള്‍ കൂടുതല്‍ പോസ്റ്റുകള്‍ എത്തി. ചിത്രത്തിന്‍റെ ആദ്യ പകുതി ഗംഭീര ഡ്രാമയാണെന്നും രണ്ടാം പകുതി ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിലേക്ക് മാറുകയാണെന്നും ഇതും നന്നായിട്ടുണ്ടെന്നും ട്രാക്കര്‍മാരായ ഇറ്റ്സ് സിനിമ പോസ്റ്റ് ചെയ്തിരിക്കുന്നു. 1950 കളിലെ തമിഴ് സിനിമാ വ്യവസായം പശ്ചാത്തലമാക്കുന്ന ചിത്രത്തിലെ പ്രകടനത്തിന് ദുല്‍ഖര്‍ അടുത്ത തവണത്തെ ദേശീയ പുരസ്കാരം അര്‍ഹിക്കുന്നുണ്ടെന്നും നിരവധി പോസ്റ്റുകളും എക്സില്‍ എത്തിയിട്ടുണ്ട്. അടുത്ത ചിത്രം മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ടൈറ്റില്‍ കാര്‍ഡിന് മുന്‍പ് നടിപ്പ് ചക്രവര്‍ത്തി എന്ന വിശേഷണം ചേര്‍ക്കണമെന്നും സിനിമ കണ്ടവരുടെ പോസ്റ്റുകള്‍ എത്തുന്നുണ്ട്. ദുല്‍ഖറിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റാണ ദഗുബാട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ തുടങ്ങിയവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ കൈയടി ലഭിക്കുന്നുണ്ട്. പഴയ കാലം ഗംഭീരമായി പുനരാവിഷ്കരിച്ചിരിക്കുന്ന ചിത്രം സാങ്കേതികമായും മുന്നിലാണെന്നും പുറത്തെത്തിയ പ്രതികരണങ്ങളില്‍ ഉണ്ട്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

മായാവാരം കൃഷ്ണമൂര്‍ത്തി ത്യാഗരാജ ഭാഗവതര്‍ എന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇത്. പ്രശസ്ത കര്‍ണാടിക് സംഗീതജ്ഞനും തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന വ്യക്തിയുമായ ഇദ്ദേഹം പ്രശസ്തിയില്‍ നില്‍ക്കവെ ഒരു കൊലക്കേസില്‍ അറസ്റ്റില്‍ ആയിരുന്നു. ജയില്‍ മോചിതനായ ശേഷം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പഴയ മട്ടിലുള്ള വിജയങ്ങള്‍ നേടാന്‍ എം കെ ത്യാഗരാജ ഭാഗവതര്‍ക്ക് സാധിച്ചില്ല.

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്