ദുല്‍ഖര്‍ വേഷമിട്ട പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്ത്.

ദുല്‍ഖര്‍ നായകനായ പ്രണയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. 'ഹീരിയേ' എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്‌ലീൻ റോയലാണ്. ജസ്‍ലീൻ റോയലും അർജിത്‌ സിങ്ങും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിത്യ ശര്‍മ വരികളുമെഴുതിയ ഗാനത്തിന്റെ വീഡിയോയില്‍ ദുല്‍ഖറിനൊപ്പം ജസ്‍ലീൻ റോയലും വേഷമിട്ടിരിക്കുന്നു.

താനി തൻവിറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. ശ്വേതാ വെങ്കട്ടാണ് വീഡിയോയുടെ എഡിറ്റിംഗ്. കൗശല്‍ ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. 'ദിൻഷഗ്ന ദാ', 'ഖോഗയേ ഹം കഹാൻ', 'ഡിയർ സിന്ദഗി', 'സാങ് റഹിയോ', 'രഞ്ജ' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംഗീതജ്ഞയാണ് ജസ്‍ലീൻ റോയല്‍.

'കിംഗ് ഓഫ് കൊത്ത' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് 'കിംഗ് ഓഫ് കൊത്ത' ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ് ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്‍മി, ഗോകുല്‍ സുരേഷ്, ഷബീര്‍, പ്രസന്ന, ശരണ്‍, ചെമ്പൻ വിനോദ്, സുധി കോപ്പ, ടി ജി രവി, പ്രശാന്ത് മുരളി, അനിഖ സുരേന്ദ്രൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദുല്‍ഖര്‍ നായകനായ 'കിംഗ് ഓഫ് കൊത്ത'യില്‍ ഉണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ആര്‍ ബല്‍കി സംവിധാനം ചെയ്‍ത 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര.

Read More: 'തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാലം അതാണ്', ഫോട്ടോകളുമായി അഭയ ഹിരണ്‍മയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക