ദുൽഖർ സൽമാന് മാസ്സ് പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കിംഗ് ഓഫ് കൊത്തയെന്ന് പ്രേക്ഷകർ പറയുന്നു.
ഓണം റീലിസിനോട് അനുബന്ധിച്ച് വൻ ഹൈപ്പുയർത്തിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷിയുടെ മകൻ അഭിലാഷ് ആണ്. റിലീസിന് മുൻപെ പ്രീ ബുക്കിംഗ് റെക്കോർഡുകൾ തകർന്ന ചിത്രം, മാസ്സും ആക്ഷനും കൂടിക്കലർന്ന എന്റർടെയ്നർ ആകുമെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. ദുല്‍ഖര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിനായി കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഇന്ന് കിംഗ് ഓഫ് കൊത്ത എത്തിയിരിക്കുകയാണ്. 50തോളം രാജ്യങ്ങളിൽ 2500ലധികം സ്ക്രീനുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രതീക്ഷകൾ കാത്തുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രം മികച്ച രീതിയിൽ തന്നെ അഭിലാഷ് അണിയിച്ചൊരുക്കി എന്നും ദുൽഖർ സൽമാന് മാസ്സ് പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കിംഗ് ഓഫ് കൊത്തയെന്നും പ്രേക്ഷകർ പറയുന്നു. ജേക്സ് ബിജോയിയുടെ ബിജിഎമ്മിനെ വാഴ്ത്തിപ്പാടുകയാണ് ആരാധകർ. രാജു എന്ന ദുൽഖർ കഥാപാത്രം വരുമ്പോഴുള്ള സ്വാഗിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.
"ദുൽഖർ സൽമാൻ വൻ പൊളി. അദ്ദേഹത്തോടൊപ്പം തന്നെ ഗോകുൽ സുരേഷും കട്ടയ്ക്ക് നിൽക്കുന്നുണ്ട്, യുവാക്കളെ കയ്യിലെടുക്കുന്ന വെറെ ലെവൽ അഭിനയാണ് ദുൽഖർ കാഴ്ചവച്ചത്, മേക്കിങ്ങും ഡയറക്ഷനും തകർത്തു, എൻഗേജിങ്ങായ ത്രില്ലിംഗ് സിനിമയാണ് കിംഗ് ഓഫ് കൊത്ത, ദുൽഖറിന്റെ ഇൻട്രോ സീൻ രോമാഞ്ചിഫിക്കേഷനാണ് സമ്മാനിക്കുന്നത്, മലയാളത്തിലെ പാൻ ഇന്ത്യൻ ചിത്രം എന്ന് കേട്ടപ്പോൾ നമ്മൾ എക്സ്പെക്ട് ചെയ്ത കാര്യങ്ങൾ തന്നെ തന്നിട്ടുണ്ട്. കെജിഎഫും, ജയിലറും കണ്ട് കയ്യടിച്ചത് പോലെ മലയാളത്തിന്റെ സ്വന്തം എന്ന് പറഞ്ഞ് കയ്യടിക്കാൻ പറ്റിയ സിനിമ, തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് ഇത്, ക്ലൈമാക്സ് മാസ് ആക്കിയിട്ടുണ്ട്, കാണികൾക്ക് എനര്‍ജി നൽകുന്ന സിനിമയാണിത്", എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.
"പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്കുള്ള പ്രകടനമാണ് ദുൽഖർ നൽകിയത്, ദുൽഖർ പ്രസ് മീറ്റിൽ പറഞ്ഞത് പോലെ രാജാവിന്റെ മകൻ തന്നെയാണ് പുള്ളി, ജോഷി സാറിന്റെ പേര് നിലനിർത്തി കൊണ്ടുള്ള ഡയറക്ഷനാണ് അഭിലാഷ് നടത്തിയിരിക്കുന്നത്", എന്നും സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകർ പറയുന്നു.
സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിര്‍മിച്ച ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുല്‍ഖറിനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
