ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത "ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഇൻഡസ്ട്രി ഹിറ്റായിരിക്കുകയാണ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കം കൂടിയാണ്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ കൂടിയാണ് ലോകയുടേത്.

അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞ "ലോക", മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു നാഴികക്കല്ലായി മാറി. അന്താരാഷ്ട്ര ഫാന്റസി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് നിലവാരമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ എന്ന സംവിധായകൻ സൃഷ്‌ടിച്ച "ലോക" എന്ന മായാലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് നേടിയ ചിത്രം ഈ നേട്ടവും കൈവൈരിക്കുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ. മലയാള സിനിമയിൽ മേക്കിങ് മികവ് കൊണ്ടും കഥയുടെ അവതരണ ശൈലി കൊണ്ടും "ലോക" സൃഷ്ടിച്ചത് ഒരു പുതിയ ട്രെൻഡ് ആണ്. ഇത്തരമൊരു ചിത്രം നിർമ്മിക്കാൻ ദുൽഖർ സൽമാൻ എന്ന നിർമ്മാതാവ് കാണിച്ച ധൈര്യവും പ്രശംസനീയമാണ്. ഡൊമിനിക് അരുൺ എന്ന പ്രതിഭയുടെ വിഷൻ, ദുൽഖർ സൽമാൻ എന്ന ദീർഘവീക്ഷണമുള്ള നിർമ്മാതാവിന് മുന്നിലെത്തിയപ്പോൾ മലയാള സിനിമയിൽ സംഭവിച്ച അത്ഭുത ചിത്രമായി "ലോക" മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത് എന്നതും മലയാള സിനിമയിൽ ഒരു പുത്തൻ കാഴ്ചയാണ്.

ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ആഴവും തീവ്രതയും വലിപ്പവും വർദ്ധിപ്പിച്ചു. പാൻ ഇന്ത്യൻ വിജയം നേടിയ ഈ അത്ഭുത ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ എന്നിവരാണ് അണിയറ പ്രവർത്തകർ.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്