തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസിന്‍റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം

ചുരുങ്ങിയ കാലത്തിനുള്ളില്‍ മറുഭാഷകളിലും ആരാധകരെ നേടിയിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan). തമിഴിലും തെലുങ്കിലും ഹിന്ദിയിലും ശ്രദ്ധേയ ചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖറിന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രവും തെലുങ്കില്‍ നിന്നാണ്. ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം ആണ് ചിത്രം. ദുല്‍ഖര്‍ ആണ് ഇതിലെ നായകന്‍. ഇപ്പോഴിതാ ദുല്‍ഖര്‍ കൂടി ഉള്‍പ്പെട്ട ഒരു ഫോട്ടോ ട്വിറ്ററില്‍ വൈറല്‍ ആവുകയാണ്.

ദുല്‍ഖറിനൊപ്പം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്, അമിതാഭ് ബച്ചന്‍, കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍, തെലുങ്കിലെ മുതിന്‍ന്ന സംവിധായകനും നടനുമായ കെ രാഘവേന്ദ്ര റാവു, തെലുങ്ക് താരം നാനി, തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ഉള്ളത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസിന്‍റെ പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പല ഭാഷാ സിനിമകളിലെ പ്രമുഖര്‍ ഒരുമിച്ച് കൂടിയത്. ദുല്‍ഖര്‍ നായകനാവുന്ന സീതാ രാമവും പ്രഭാസിനെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റ് കെയും നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. നാഗ് അശ്വിനാണ് പ്രോജക്റ്റ് കെയുടെ സംവിധാനം. അമിതാഭ് ബച്ചന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം മഹാനടിയും നാഗ് അശ്വിനാണ് സംവിധാനം ചെയ്‍തത്.

Scroll to load tweet…

മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണ് സീതാ രാമം. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. ഓഗസ്റ്റ് 5ന് ഈ ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : 'തൊണ്ണൂറുകളിലെ ലാലേട്ടനെപ്പോലെ ഒരു യൂത്തന്‍ പോലും ഇല്ല'; പുതുമുഖങ്ങള്‍ വരണമെന്ന് ഒമര്‍ ലുലു