ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19ന്‍റെ ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍ സാമൂഹികമായ അകലം പാലിക്കലാണ്. ആരോഗ്യ വിദഗ്‍ധരും രാഷ്ട്രീയ നേതാക്കളുമൊക്കെ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം പറഞ്ഞുകൊണ്ടിരിക്കുന്നതും ഇക്കാര്യമാണ്. അതേസമയം സാമൂഹിക ജീവിതത്തില്‍ നിന്നകന്ന് വീട്ടില്‍ ഒതുങ്ങിക്കൂടേണ്ടി വരുമ്പോള്‍ മനുഷ്യര്‍ നേരിടേണ്ടിവരുന്ന മറ്റ് പ്രതിസന്ധികളുമുണ്ട്. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതില്‍ പ്രധാനം. ഇത്തരം സാഹചര്യത്തില്‍ ഉത്കണ്ഠയും വിഷാദവുമൊക്കെ ഒരു പരിധി വരെയെങ്കിലും അകറ്റിനിര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യവിദഗ്‍ധര്‍ പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള ചില നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത് തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. നല്ല നിര്‍ദേശമെന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഐസൊലേഷനും സമ്മര്‍ദ്ദവും പലര്‍ക്കും ദുര്‍ഘടമായിരിക്കും. അത് സ്വാഭാവികമാണെന്ന് ദയവായി മനസിലാക്കൂ. നിങ്ങളെ ആധി പിടിപ്പിക്കുന്നുണ്ടെങ്കില്‍ വാര്‍ത്തകള്‍ അറിയുന്നതിന് ഒരു പരിധി വെക്കൂ. ഡോക്ടറോട് സംസാരിക്കൂ. മരുന്നുകള്‍ മറക്കാതിരിക്കൂ. വായനയോ സംഗീതമോ നൃത്തമോ എഴുത്തോ പോലെയുള്ള ഹോബികളില്‍ ഏര്‍പ്പെടൂ. വ്യായാമം ചെയ്യൂ. നമ്മള്‍ അതിജീവിക്കും', എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ഈ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ദുല്‍ഖര്‍ കുറിച്ചത് ഇങ്ങനെ- 'വാര്‍ത്തയും ഒപ്പം ഫോര്‍വേഡ് ചെയ്യപ്പെടുന്ന പ്രചാരണങ്ങളും തുടര്‍ച്ചയായി വായിച്ചുകൊണ്ടിരിക്കുന്നത് പലപ്പോഴും നമ്മളില്‍ ഉത്കണ്ഠ സൃഷ്ടിക്കാറുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് നന്ദി. ഞാനും പാലിക്കേണ്ടവയാണ് ഇവ. എല്ലാവരും സുരക്ഷിതരായി, അതേസമയം ശാന്തതയോടെ ഇരിക്കുക. ശാരീരിക ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ഒപ്പം മനസിനെ സമ്മര്‍ദ്ദപ്പെടുത്താതിരിക്കുക. എല്ലാവര്‍ക്കും സമാധാനം ആശംസിക്കുന്നു', ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.