ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രത്തിലെ  ഗാനം പുറത്തുവിട്ടു (Sita Ramam song).

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'സീതാ രാമം'. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് (Sita Ramam song).

'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായിട്ട് ദുല്‍ഖര്‍ അഭിനയിക്കുന്ന 'സീതാ രാമത്തി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്.

Read More : കുഞ്ഞു മറിയത്തിന് ജന്മദിന ആശംസകളുമായി ദുല്‍ഖര്‍

മകള്‍ മറിയത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. കുഞ്ഞു രാജകുമാരിയെന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ദുല്‍ഖറിിന്റെ മകള്‍ മറിയം തന്റെ അഞ്ചാം ജന്മദിനമാണ് അടുത്തിടെ ആഘോഷിച്ചത്. മകളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പരാമര്‍ശിച്ചാണ് ദുല്‍ഖര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

എന്റെ പാവക്കുഞ്ഞിന്റെ ജന്മദിനം. നീ വര്‍ഷം മുഴുവൻ കാത്തിരിക്കുന്ന നിന്റെ ദിവസം വന്നു, സന്തോഷകരമായ ജന്മദിനം നേരുന്നു ഞങ്ങളുടെ രാജകുമാരിക്ക്. നക്ഷത്രങ്ങള്‍, നിലാവ്, മഴവില്ല, മിന്നാമിനുങ്ങുകളുടെ പ്രകാശം, സാങ്കല്‍പ്പിക ചിറകുകള്‍.. എല്ലാം ചേര്‍ന്ന് വീടിനെ ഒരു 'നെവര്‍ലാൻഡ്' (സാങ്കല്‍പിക ദ്വീപ്) ആക്കി നീ മാറ്റുന്നു. ഞങ്ങളെല്ലാവരും 'കടല്‍ക്കൊള്ളക്കാരും' 'ലോസ്റ്റ് ബോയ്‍സു'മാകുന്നു. നിന്നോടുള്ള എല്ലാ ദിവസവും അത്ഭുതകരമാണ് എന്നും ദുല്‍ഖര്‍ എഴുതുന്നു. നിന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു, ഒരിക്കല്‍ ഒരു സ്വപ്‍നത്തില്‍ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നുമാണ് ആശംസകള്‍ നേര്‍ന്ന് കുറിപ്പില്‍ ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

നടൻ ദുല്‍ഖറിന്റെ മകള്‍ മറിയ അമീറയുടെ ജന്മദിനത്തില്‍ നസ്രിയയും മനോഹരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തെ കുറിച്ച് നസ്രിയ സാമൂഹ്യ മാധ്യമങ്ങളില്‍ മുമ്പും എഴുതിയിട്ടുണ്ട്. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്‍താണ് ഇത്തവണ ആശംസ നേര്‍ന്നത്. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‍നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയുടെ കുറിപ്പ്.

സന്തോഷ ജന്മദിനം എന്റെ പ്രിയപ്പെട്ട മുമ്മു. നീ ഇതുപോലെ ഒരു കുഞ്ഞ് അല്ല ഇപ്പോള്‍. നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും ആകില്ല. പക്ഷേ നീ വന്ന് ഇവിടെ രണ്ട് മിനിറ്റ് ഇരിക്കാമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ എന്നും നസ്രിയ എഴുതിയരിക്കുന്നു. ഞാൻ നിന്റെ കൂള്‍ മാമിയാണ്, അതുകൊണ്ട് നിന്റെ പാരന്റ്‍സുമായി പ്രശ്‍നമുണ്ടാകുമ്പോള്‍ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ എന്നും നസ്രിയ എഴുതിയിരിക്കുന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

നസ്രിയ നായികയാകുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നസ്രിയ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നദിയ മൊയ്‍തു തെലുങ്കില്‍ ഡബ്ബ് ചെയ്‍തതിരുന്നു. ഇതാദ്യമായിട്ടാണ് തെലുങ്ക് സിനിമയ്‍ക്ക് വേണ്ടി നദിയ മൊയ്‍തു ഡബ്ബ് ചെയ്യുന്നത്.