ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിർമ്മിച്ച് ഹണി ആർ.കെ സംവിധാനം ചെയ്ത 'എഡിറ്റഡ്' എന്ന ഡോക്യുമെന്ററി, പതിനെട്ടാമത് IDSFFK-യുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘Edited’ Directed by Honey RK, has been selected for the IDSFFK competition section.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സീനിയര്‍ അസി. എഡിറ്റര്‍ ഹണി ആർ.കെ സംവിധാനം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിർമ്മിച്ച ഡോക്യുമെന്ററി 'എഡിറ്റഡ്: എ മാന്‍ ഹു എഡിറ്റ്‌സ് ഹിംസെല്‍ഫ്' പതിനെട്ടാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ (IDSFFK) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് വച്ചാണ് മേള അരങ്ങേറുന്നത്. നേരത്തെ ഡല്‍ഹി ഷോര്‍ട്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു. പതിനാറ് വര്‍ഷത്തോളം സിനിമാ എഡിറ്റിംഗ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചശേഷം നാട്ടില്‍ മടങ്ങിയെത്തി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന പയ്യന്നൂര്‍ അരവഞ്ചാല്‍ സ്വദേശിയായ നാരായണന്റെ ജീവിതകഥയാണ് 'എഡിറ്റഡ്: എ മാന്‍ ഹു എഡിറ്റ്‌സ് ഹിംസെല്‍ഫ്'.
മലയാളത്തിലെ അനേകം ഹിറ്റ് സിനിമകളുടെ ചിത്രസംയോജന സഹായിയായിരുന്നു നാരായണന്‍. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ 'ഏയ് ഓട്ടോ', 'വൈശാലി', 'വന്ദനം', 'കിലുക്കം' തുടങ്ങിയ സിനിമകള്‍ നാരായണന്റെ കൈയിലൂടെയാണ് തിരശ്ശീലയിലെത്തിയത്. നിരൂപക പ്രശംസ നേടിയ 'തനിയെ' എന്ന സിനിമയുടെ എഡിറ്ററുമാണ് നാരായണന്‍. ഈ ചിത്രത്തിന് നാരായണന് ഏഷ്യാനെറ്റ് ഫിലം അവാര്‍ഡ് ലഭിച്ചിരുന്നു.
പ്രിയദര്‍ശന്‍, ഭരതന്‍, വേണു നാഗവള്ളി തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്ന നാരായണന്‍ സിനിമാ തിരിക്കുകളില്‍ നില്‍ക്കുമ്പോള്‍ ഓട്ടിസം ബാധിതനായ മകന്റെ സംരക്ഷണാര്‍ഥം സിനിമാലോകം ഉപേക്ഷിച്ച് നാട്ടില്‍ വന്നതാണ്. മകന്റെ കാര്യങ്ങള്‍ നോക്കാനും ജീവിത ചെലവുകള്‍ കണ്ടെത്താനുമായി ഓട്ടോ ഡ്രൈവറായി ജോലി നോക്കേണ്ടി വന്ന നാരായണന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ അസാധാരണമാണ്. നിലവില്‍ ഓട്ടോ തൊഴിലാളിയായ നാരായണന്റെ ഹൃദയസ്പര്‍ശിയായ ജീവിത കഥയാണ് 'എഡിറ്റഡ്' എന്ന ഡോക്യുമെന്ററി.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റര്‍ മുരളീധരന്‍ എ. കെയാണ് നിര്‍മാണം. ഡിഒപി മില്‍ട്ടണ്‍ പി ടി. എഡിറ്റ്& സൗണ്ട് ഡിസൈന്‍ ഷഫീഖാന്‍. ഗ്രാഫിക്സ് പ്രമോദ് കെ ടി, അസോസിയേറ്റ് ക്യാമറ ആഷിന്‍ പ്രസാദ്. സബ്ടൈറ്റില്‍ സോണി ആര്‍ കെ.



