'ദൃശ്യ'ത്തിന്‍റെ രണ്ടാംഭാഗമായ 'ദൃശ്യം 2' ആറാം തീയ്യതിയാണ് പാക്കപ്പ് ആയത്. 56 ദിവസത്തേക്ക് പ്ലാന്‍ ചെയ്തിരുന്ന ഷെഡ്യൂള്‍ പത്ത് ദിവസം നേരത്തെ തീര്‍ന്നതായി ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദൃശ്യം 2 അല്ലാതെ മറ്റൊരു മോഹന്‍ലാല്‍ ചിത്രവും ജീത്തു ജോസഫിന്‍റേതായി പുറത്തെത്താനുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'റാം' ആണ് അത്. ഇപ്പോഴിതാ ഇരുചിത്രങ്ങളും എഡിറ്റിംഗ് ടേബിളില്‍ ആണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

എഡിറ്റിംഗ് ടേബിളിലെ അടുത്തടുത്തിരിക്കുന്ന രണ്ട് മോണിറ്ററുകളില്‍ 'റാ'മും 'ജോര്‍ജുകുട്ടി'യും ഇരിക്കുന്നതും കാണാം. രസകരമായ കമന്‍റുകളും ആരാധകര്‍ വഴി പോസ്റ്റിനുതാഴെ ഉണ്ട്. ജോര്‍ജുകുട്ടി വിളിച്ചിട്ട് റാം എന്താണ് ഫോണ്‍ എടുക്കാത്തതെന്നും ഇനി റാം എന്ന കഥാപാത്രമാണോ ദൃശ്യം 2ലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നുമൊക്കെ രസകരമായ കമന്‍റുകള്‍ ചുവടെ വരുന്നുണ്ട്.

അതേസമയം ചിത്രീകരണം പൂര്‍ത്തിയായ സിനിമയല്ല റാം. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും. കുറച്ചുദിവസങ്ങള്‍ കൂടി ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്താന്‍ ഷെഡ്യൂളുകളാണ് റാമിന് ഇനി ബാക്കിയുള്ളത്. ജീത്തു തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ് കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.