Asianet News MalayalamAsianet News Malayalam

'ഈശോ' ടൈറ്റില്‍ വിവാദം; നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക

ഈശോ എന്ന് ചിത്രത്തിന് പേരിടുന്നതില്‍ എതിര്‍പ്പുമായി ഒരുവിഭാഗം സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്ന് നാദിര്‍ഷ തന്നെ വ്യക്തമാക്കി. 

eesho film title row: Fefka backs Nadirsha
Author
Kochi, First Published Aug 6, 2021, 6:35 PM IST

കൊച്ചി: 'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക. തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും പൊതുസമൂഹം പിന്തുണ നല്‍കണമെന്നും ഫെഫ്ക വ്യക്തമാക്കി. ഈശോ എന്ന് ചിത്രത്തിന് പേരിടുന്നതില്‍ എതിര്‍പ്പുമായി ഒരുവിഭാഗം സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്ന് നാദിര്‍ഷ തന്നെ വ്യക്തമാക്കി. 

സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശ്വാസി സമൂഹത്തില്‍ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സിനിമയുടെ ടൈറ്റില്‍ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല. അന്തര്‍ദേശീയ പുരസ്‌കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട്. ഈ. മ യൗ (ഈശോ മറിയം യൗസേപ്പ്), ജോസഫ്, നരസിംഹം തുടങ്ങിയ പേരുകളില്‍ വന്ന ചിത്രങ്ങള്‍  ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകള്‍ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ അന്നൊന്നും ഉണ്ടായിട്ടില്ലെന്നും ഫെഫ്ക വ്യക്തമാക്കി. 

 ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒന്നും ചിത്രത്തിന്റ ഉള്ളടക്കത്തില്‍ ഇല്ല എന്ന ബോധ്യമുണ്ട്. സിനിമയുടെ ഉള്ളടക്കം, പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളില്‍ പുറത്തുനിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്നും ഫെഫ്ക അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios