മോഹൻലാലാണ് തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം മുന്നോട്ട് വച്ചത്.
കൊച്ചി: മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. മത്സരിക്കാൻ താല്പര്യമുള്ളവർക്ക് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 27 ആണ്. മോഹൻലാല്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നടത്തണം എന്ന നിർദേശം മുന്നോട്ട് വച്ചത്.
കഴിഞ്ഞ മാസം നടന്ന അമ്മ ജനറല്‍ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലവിലെ ഭരണസമിതി തുടരണമെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും, എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന് മോഹന്‍ലാല്‍ നിലപാടെടുക്കുക ആയിരുന്നു. ഈ നിലപാടാണ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയത്.
ചർച്ചയിൽ പങ്കെടുത്ത എല്ലാവരും നിലവിലെ ഭരണസമിതി അതേപടി തുടരണമെന്നും ഭരണസമിതിയുടെ പ്രവർത്തനം മികച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ കുറെയധികം താരങ്ങൾ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്നും താൻ പ്രസിഡന്‍റായി തുടരുകയുള്ളൂ എന്നും മോഹൻലാൽ ഉറപ്പിച്ച് പറയുക ആയിരുന്നു. പിന്നാലെ 3 മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നടന്‍ നിർദേശിക്കുകയും ചെയ്തു.
അതേസമയം, നിലവിലുണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി ജൂണ്‍ 22ന് അവസാനിച്ചിരുന്നു. ഈ അംഗങ്ങള്‍ അംഗങ്ങൾ അതേ ചുമതല തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ വഹിക്കും. 13 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തിനെത്തിയിരുന്നു.



