Asianet News MalayalamAsianet News Malayalam

'കാട്ടാന ചെരിഞ്ഞ സംഭവത്തിന് വര്‍ഗീയ ബന്ധമൊന്നുമില്ല, നടന്നത് മലപ്പുറത്തുമല്ല'; പൃഥ്വിരാജ് പറയുന്നു

'പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ആരോ ബോധപൂര്‍വ്വം നല്‍കിയതല്ല. കാട്ടുപന്നികളില്‍ നിന്നും വിളകള്‍ സംരക്ഷിക്കാന്‍ വച്ച കെണിയാണ് യാദൃശ്ചികമായി ആന ഭക്ഷിച്ചത്..'

elephant death happened in palakkad not in malappuram says prithviraj
Author
Thiruvananthapuram, First Published Jun 4, 2020, 7:09 PM IST

സൈലന്‍റ് വാലി ദേശീയോദ്യാനത്തില്‍ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിന് വര്‍ഗീയതയുടെയും വംശീയ വിദ്വേഷത്തിന്‍റെയും നിറം നല്‍കി പ്രചരണം നടത്തുന്നതിനെതിരെ നടന്‍ പൃഥ്വിരാജ്. സംഭവത്തിന് വര്‍ഗീയമായ ബന്ധങ്ങളൊന്നുമില്ലെന്നും അത് നടന്നത് മലപ്പുറത്തല്ലെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ വസ്തുതകളെന്ന് തനിക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

പൃഥ്വിരാജ് പറയുന്നു

പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ആരോ ബോധപൂര്‍വ്വം നല്‍കിയതല്ല. കാട്ടുപന്നികളില്‍ നിന്നും വിളകള്‍ സംരക്ഷിക്കാന്‍ വച്ച കെണിയാണ് യാദൃശ്ചികമായി ആന ഭക്ഷിച്ചത്. നിയമവിരുദ്ധമായിരിക്കുമ്പോള്‍ത്തന്നെ, വന്യമൃഗങ്ങളില്‍ നിന്നും വിളകള്‍ സംരക്ഷിക്കാന്‍ ഈ രീതി പലയിടങ്ങളിലും ഉപയോഗത്തിലുണ്ട്. സംഭവം നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ്, അല്ലാതെ മലപ്പുറത്തല്ല. സംഭവത്തിന് വര്‍ഗീയമായ ബന്ധമൊന്നുമില്ല. വനംവകുപ്പും പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞപ്പോള്‍ത്തന്നെ കാട്ടാനയെ രക്ഷിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. പക്ഷേ അത് ഫലവത്തായില്ല. മെയ് 27നാണ് ആന ചെരിഞ്ഞത്, ഇന്നലെയല്ല", പൃഥ്വിരാജ് കുറിച്ചു. കാട്ടാന ചെരിഞ്ഞ സംഭവത്തെച്ചൊല്ലി വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടി പാര്‍വ്വതിയും നടന്‍ നീരജ് മാധവും രംഗത്തെത്തിയിരുന്നു. 

കാട്ടാനയുടെ ദാരുണാന്ത്യം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ ആരംഭിച്ചത്. നടന്നത് കൊലപാതകമാണെന്നും ഇത്തരം സംഭവങ്ങള്‍ക്കു പേരുകേട്ട ജില്ലയാണ് മലപ്പുറമെന്നും ബിജെപി എംപിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മേനക ഗാന്ധി പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ഈ വിവരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വനംവകുപ്പില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മലപ്പുറത്താണ് സംഭവമെന്ന് താന്‍ പറഞ്ഞതെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് മേനക ഗാന്ധിയുടെ പ്രതികരണം. അതേസമയം പാലക്കാടാണ് സംഭവമെന്നത് തിരുത്താനും അവര്‍ തയ്യാറായില്ല.

Follow Us:
Download App:
  • android
  • ios