രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളുടെ കഥ  നാല്‍പ്പത് മിനിറ്റ് നീളുന്ന ആവിഷ്കാരത്തിലൂടെ കാര്‍ത്തിനി ഗോണ്‍സാല്‍വെസ് പകര്‍ത്തി.  നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മ്മാണം.

ഓസ്കര്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായി എലിഫന്‍റ് വിസ്പേറേഴ്സ്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്കറാണ് നേടിയിട്ടുള്ളത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്‍റ് വിസ്പേറേഴ്സ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാൻ കാര്‍ത്തിനി ഗോണ്‍സാല്‍വെസിന് സാധിച്ചു.

രഘു എന്ന ആനക്കുട്ടിയുടെ കഥ നാല്‍പ്പത് മിനിറ്റ് നീളുന്ന ആവിഷ്കാരത്തിലൂടെ കാര്‍ത്തിനി ഗോണ്‍സാല്‍വെസ് പകര്‍ത്തി. നെറ്റ്ഫ്ലിക്സില്‍ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിര്‍മ്മാണം. ഇത് ജന്മനാടായ ഇന്ത്യക്ക് സമര്‍പ്പിക്കുന്നുവെന്നാണ് കാര്‍ത്തിനി ഗോണ്‍സാല്‍വെസ് ഓസ്കര്‍ വേദിയില്‍ പറഞ്ഞത്.

'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിലൂടെ എം എം കീരവാണിയും ഓസ്കര്‍ വേദിയില്‍ തിളങ്ങി. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിയെ തേടി ഓസ്‍കര്‍ പുരസ്‌ക്കാരം എത്തുന്നത്. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്.

മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും അമ്മാവന്റെ മകനായ എസ് എസ് രാജമൗലിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ 'നാട്ടു നാട്ടു' പാട്ട്. ഇരുപത് ട്യൂണുകളിൽ നിന്നും 'ആർആർആർ' അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന 'നാട്ടുവി'ലേക്ക് എത്തിയത്. ചന്ദ്രബോസിന്‍റേതാണ് വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനുമുണ്ട്. 

അയാള്‍ സംഗീതത്തിന്‍റെ രാജാവാണ്... ആ രാജാവ് തന്ന വെളിച്ചമിതാ ഓസ്കറില്‍ തിളങ്ങുന്നു, ഹൃദയം തൊട്ട കീരവാണി മാജിക്