മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ ട്രെയിലർ ഉടൻ പുറത്തിറങ്ങും. 

കൊച്ചി: മലയാള സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. മലയാളത്തിലെ അപ്കമിംഗ് ലൈനപ്പില്‍ ഏറ്റവും ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവും ഇതു തന്നെ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ സംബന്ധിച്ച അപ്ഡേറ്റ് വിവിധ ട്രാക്കിംഗ് പേജുകളില്‍ എത്തുകയാണ്. 

ഔദ്യോഗികമായി അറിയിപ്പൊന്നും വന്നില്ലെങ്കിലും ചിത്രത്തിന്‍റെ ഗ്രാന്‍റ് ട്രെയിലര്‍ മാര്‍ച്ച് 15ന് പുറത്തിറങ്ങിയേക്കും എന്നാണ് വിവരം. ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലറിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും എക്സില്‍ പ്രചരിക്കുന്നുണ്ട്. 3.51 മിനുട്ടാണ് ട്രെയിലര്‍ എന്നാണ് സെന്‍സര്‍ വിവരം നല്‍കുന്ന സൂചന. 

മാര്‍ച്ച് 7നാണ് ട്രെയിലര്‍ സെന്‍സര്‍ ചെയ്തതായി കാണിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. യു/ എ 16 പ്ലസ് വിഭാഗത്തിലാണ് ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കുന്നത് എന്നാണ് വിവരം. 

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് പുറത്തുവരുന്ന വിവരമനുസരിച്ച് എമ്പുരാന്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്. അതായത് 3 മണിക്കൂറോളം. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തത് വെറും 10 സെക്കന്‍ഡ് മാത്രമാണ്. ഇതില്‍ 4 സെക്കന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം ആവശ്യാനുസരണം മാറ്റി ചേര്‍ത്തിട്ടുമുണ്ട്. 

പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗം എന്നതുതന്നെയാണ് എമ്പുരാന് ലഭിച്ചിരിക്കുന്ന ഈ വന്‍ ഹൈപ്പിന് പ്രധാന കാരണം. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ എത്തുന്ന ചിത്രവുമാണ് എമ്പുരാന്‍. 150 കോടിയോളമാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് കരുതപ്പെടുന്നത്. 

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.

ഒന്നൊന്നര പടമായിരിക്കും മക്കളേ..അസാമാന്യ പ്രകടനങ്ങൾ കാണാം; എമ്പുരാനെ കുറിച്ച് സായ്കുമാർ

'ലൂസിഫറി'നേക്കാള്‍ ദൈര്‍ഘ്യം, വെട്ടിയത് 10 സെക്കന്‍റ്; 'എമ്പുരാന്‍' സെന്‍സര്‍ വിവരങ്ങള്‍