ഫെബ്രുവരി 15, വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്‍റെ റിലീസ്
ബിഗ് കപ്പാസിറ്റി തിയറ്ററുകളില്‍ പലതും മള്‍ട്ടിപ്ലെക്സുകളായി മാറിയ കാലത്ത് സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ താരതമ്യേന കുറവാണ്. വൈഡ് റിലീസിംഗിന്റെ ഇക്കാലത്ത് മത്സരാധിഷ്ഠിതമായി വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ മള്‍ട്ടിപ്ലെക്സ് ശൈലിയിലേക്ക് മാറിയതാണ് തിയറ്റര്‍ ഉടമകള്‍. തിയറ്റര്‍ ഹൗസ്‍ഫുള്‍ ആക്കുന്ന ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് എത്തുന്നത് എന്നതിനാല്‍ ബുദ്ധിപൂര്‍വ്വമായ നീക്കവുമാണ് അത്. എന്നാല്‍ റിലീസിന് പിന്നാലെ തരംഗം തീര്‍ക്കുന്ന ചില ചിത്രങ്ങളുണ്ട്. അവശേഷിക്കുന്ന ബിഗ് കപ്പാസിറ്റി സിംഗിള്‍ സ്ക്രീനുകളിലും അവ ഹൗസ്‍ഫുള്‍ ഷോകള്‍ കളിക്കും. ഇപ്പോള്‍ തിയറ്ററുകള്‍ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കൗതുകകരമായ ഒരു കണക്ക് നോക്കാം.
ആദ്യ നാല് ദിനങ്ങളില്‍ ഭ്രമയുഗത്തിന്റെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ കേരളത്തിലെ തിയറ്റര്‍ എറണാകുളം കവിതയാണ്. ഫെബ്രുവരി 15, വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ 19,000 ടിക്കറ്റുകളാണ് എറണാകുളം കവിതയില്‍ വിറ്റുപോയത്. സീറ്റിംഗ് കപ്പാസിറ്റിയില്‍ നിലവില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തുള്ള തിയറ്റര്‍ ആണിത്. ആകെ 1130 സീറ്റുകളാണ് ഉള്ളത്. ഞായറാഴ്ച മാത്രം 5500 പേരാണ് കവിതയിലെത്തി ഭ്രമയുഗം കണ്ടത്. 98 ശതമാനമായിരുന്നു ഞായറാഴ്ചത്തെ ഒക്കുപ്പന്‍സി. പ്രേക്ഷകരുടെ വലിയ തിരക്കിനെ തുടര്‍ന്ന് റിലീസ് ദിനത്തില്‍ രാത്രി 11.55 നും ഇവിടെ സ്പെഷല്‍ ഷോ ചാര്‍ട്ട് ചെയ്തിരുന്നു.
അതേസമയം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം വലിയ നേട്ടമാണ് ബോക്സ് ഓഫീസില്‍ ഉണ്ടാക്കുന്നത്. കേരളത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണവുമാണ്. ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ഇതര സംസ്ഥാന സെന്‍ററുകളില്‍ വാരാന്ത്യത്തില്‍ കൂടുതല്‍ ഷോസ് ആഡ് ചെയ്യുന്ന കാഴ്ചയും ദൃശ്യമായിരുന്നു.
