അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ഫഹദ് ഫാസിലും നസ്രിയയും. ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഫഹദ് എന്ന് പറഞ്ഞ നസ്രിയ ഇരുവരുടെയും ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം. 'ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 5 വര്‍ഷം, ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ചു മുന്നോട്ടു പോകാനുണ്ടെന്നാണ് ഫഹദിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചത്'. 5 വര്‍ഷം കഴിഞ്ഞുവെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും നസ്രിയ പറയുന്നു.


വിവാഹവാർഷിക ദിനത്തിൽ നിരവധി പേരാണ് ആശംസകളുമായി നസ്രിയയുടെ ഫേസ്ബുക്ക് പേജിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രാൻസ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണിത്. ഫഹദിനെ കൂടാതെ സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വർഷം ഏപ്രില്‍ 28 ന് ചിത്രം പുറത്തിറങ്ങും.