മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് ഫഹദ് ഫാസിലും നസ്രിയ നസീമും. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിയാണ് ഇരുവരും മേഘ്നയെയും കുഞ്ഞിനെയും കണ്ടത്. മലയാളസിനിമയില്‍ മേഘ്നയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നസ്രിയ. അടുത്തിടെ വാങ്ങിയ പുതിയ പോര്‍ഷെ കാറിലാണ് ഇരുവരും ആശുപത്രിയിലെത്തിയത്.

22-ാം തീയ്യതിയാണ് മേഘ്ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തിനു ശേഷം കുടുംബത്തിലേക്ക് എത്തുന്ന ആശ്വാസ വാര്‍ത്തയായി ഇത്. ചിരഞ്ജീവിയുടെ അനുജന്‍ ധ്രുവ് സര്‍ജയാണ് 'ജൂനിയര്‍ ചിരു' എത്തിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. കുഞ്ഞിനെ എടുത്തുകൊണ്ടുനില്‍ക്കുന്ന ധ്രുവ് സര്‍ജയുടെ ചിത്രവും വളരെവേഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

ലോക്ക് ഡൗണ്‍ കാലയളവില്‍ കന്നഡ സിനിമാപ്രേമികളെ തേടിയെത്തിയ ദു:ഖവാര്‍ത്തയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാലവിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 'ചിരു' തനിക്ക് ആരായിരുന്നുവെന്ന് വ്യക്തമാക്കുന്ന മേഘ്ന രാജിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.